ആലത്തൂർ: രണ്ടുമാസം മുന്പു കാണാതായ വിദ്യാർഥിയുടെ അസ്ഥികൂടം ഉൾവനത്തിൽനിന്നു കണ്ടെടുത്തു. തോലനൂർ പേഴുംങ്കാട് തകരക്കുളന്പ് മാധവന്റെ മകൻ മനോജി(17) ന്റെ അസ്ഥികൂടമാണു കണ്ടെത്തിയത്. വീട്ടിൽനിന്നു അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണു കണ്ടെത്തിയത്.
തിരുവോണ ദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നതായി പോലീസ് പറഞ്ഞു. കാണാനില്ലെന്നും കാണിച്ചു തൊട്ടടുത്ത ദിവസം കോട്ടായി പോലീസിൽ ബന്ധുക്കൾ പരാതി നല്കിയതിനാൽ അന്വേഷണം നടത്തിയിരുന്നു. കോട്ടായി പോലീസും വനപാലകരും നാട്ടുകാരും ചേർന്നു ദിവസങ്ങളോളം തിരച്ചിൽ നടത്തി. അന്വേഷണം വഴിമുട്ടിയതിനെ തുടർന്ന് പോലീസ് നായയെ കൊണ്ടുവന്നും അന്വേഷിപ്പിച്ചു.
അസ്ഥികൂടം കണ്ടെത്തിയതിനു ഏകദേശം 20 മീറ്റർ അകലെ വരെ നായ എത്തിയെങ്കിലും കനത്ത വനമേഖലയായതിനാൽ തിരികെ പോകുകയായിരുന്നു. മനോജിന്റെ വീടിന് അരക്കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇരുൾ മരത്തിൽ ലുങ്കിതൂങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം പത്തു മീറ്ററിനുള്ളിൽ മണ്ണിൽ പല ഭാഗത്തായി തലയോട്ടിയും ശരീരാസ്ഥികളും കണ്ടെത്തുകയായിരുന്നു.
ധരിച്ചിരുന്ന ഷർട്ട്, നിലത്തു കിടന്ന ചീർപ്പ് എന്നിവ വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്.വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും അതിർത്തി കല്ലുകൾ കണ്ടെത്തുന്നതിനായി വനംബെൽറ്റുകൾ വെട്ടി തെളിയിക്കുന്നതിനിടെയാണ് ഇരുൾ മരത്തിൽ ലുങ്കിയും മറ്റും കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു.
അവർ വിവരമറിയിച്ചതിനെ തുടർന്നു കോട്ടായി പോലീസ് എസ്ഐ സി.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആലത്തൂർ സിഐ കെ.എ. എലിസബത്ത്, സ്ക്വാഡ് അംഗങ്ങളായ രാമസ്വാമി, സുരേഷ്, കൃഷ്ണദാസ്, പ്രദീപ് എന്നിവർ അന്വേഷണങ്ങൾക്കു നേതൃത്വം നല്കി. വനം വകുപ്പ് ഉദ്യോസ്ഥരായ ഫോറസ്റ്റർ അഭിലാഷ്, സന്തോഷ്, രമേഷ്, പരമൻ, ശ്രീജിത്ത്, ഫൈസൽ റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. തൃശൂരിൽ നിന്നെത്തിയ ഫോറൻസിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകൾ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചു. മനോജ് തോലന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കുളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.അമ്മ: തങ്കമണി. മറ്റു സഹോദരങ്ങൾ: സനോജ്, സന്തോഷ്, മഹേഷ്, സന്ധ്യ.