പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ സഹോദരനെ കൊന്ന കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി. കോളനിയിലെ വില്‍സന്റെ മകന് സുനിലിനെ (അപ്പു,21)യാണ് അറസ്റ്റ് ചെയ്ത് വീട്ടിലും സംഭവ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സുനിലിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസും ഫോറന്‍സിക് വിദഗ്ദരും തെളിവെടുപ്പ് നടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ തൊട്ടില്‍പ്പാലം ഇന്‍സ്പെക്ടര്‍ എം.ടി. ജേക്കബ്ബ്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.പ്രസന്നന് , ഡോ. പ്രിയത എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവുമാണ് തെളിവെടുപ്പ് നടത്തിയത്. വിത്സന്റെ ഭാര്യ റീനയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുനില്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ കേസില്‍ അറസ്റ്റിലായ സുനില്‍ , സഹോദരന് അനുവിന്റെ(17) മരണവും കൊലപാതകമാണെന്നും അതിന് പിന്നിലും താനാണെന്നും വെളിപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അനുവിന്റെ തലക്ക് അടിച്ചശേഷം വീടിന് പുറകിലെ റബ്ബര്‍ മരത്തില്‍ കഴുത്തില്‍ മുണ്ട് മുറുക്കി കെട്ടി തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് അന്ന് കുറ്റസമ്മതം നടത്തിയത്. ഈ കേസില്‍ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ സുനിലിനെ ഇന്നലെ വീട്ടിലെത്തിച്ച് രംഗം പുനരാവിഷ്ക്കരിച്ച് തെളിവെടുക്കുകയായിരുന്നു.
തലയ്ക്കടിച്ച് കിടത്തിയ സ്ഥലവും റബ്ബര്‍ മരത്തിന് ചുവട്ടില്‍ ഇരുത്തിയതും മുണ്ട് കഴുത്തില്‍ കെട്ടി മരത്തില്‍ കൊമ്പില്‍ വലിച്ച് തൂക്കിയതെല്ലാം പ്രതി കാണിച്ച് കൊടുത്തു. തെളിവെടുപ്പിനായ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.