നിയാസ് മുസ്തഫ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തെലങ്കാന സന്ദർശനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിആർഎസിനെയും സമ്മർദത്തിലാക്കുന്നു.
ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തെലങ്കാന സന്ദർശിച്ചത്. തെലങ്കാന ഭരണം പടിപടിയായി പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് അമിത്ഷായുടെ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
കോണ്ഗ്രസ് നേതാവ് കെ. രാജ് ഗോപാൽ റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ് മുനുഗോഡിൽ.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചാണ് അമിത് ഷാ മുനുഗോഡിൽ എത്തിയതും പൊതുസമ്മേളനത്തിൽ പങ്കെടുത്തതും. കെ. രാജ് ഗോപാൽ റെഡ്ഡി അമിത് ഷായുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തിട്ടുണ്ട്.
കൂടിക്കാഴ്ച
തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമ നിർമാതാവ് റാമോജി റാവുവുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജൂനിയർ എൻടിആറുമായി നടന്നത് നല്ല കൂടിക്കാഴ്ചയായിരുന്നുവെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ജൂനിയർ എൻടി ആർ ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യത പലരും കാണുന്നുണ്ട്.
തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിനെതിരേ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് മുനുഗോഡ് ഉപതെരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നതും.
ഒരു ദിവസം മുന്പേ…
അമിത്ഷായുടെ സന്ദർശനത്തിന് ഒരു ദിവസം മുന്നേ കെസിആർ മുനുഗോഡിൽ ആദ്യ ശക്തി പ്രകടനം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സ്വത്തുക്കൾ പണയപ്പെടുത്തുകയാണെന്നും കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും കെസി ആർ തന്റെ പൊതുയോഗത്തിൽ ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെക്കുറിച്ചും അദ്ദേഹം ആഞ്ഞടിച്ചു.
നമ്മുടെ മുനുഗോഡ്, നമ്മുടെ കോണ്ഗ്രസ് എന്ന ബാനറിൽ തെലങ്കാന പിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്.
2018ൽ കോൺഗ്രസിലെ കെ. രാജ് ഗോപാൽ റെഡ്ഡിക്ക് 99,239 വോട്ടുകൾ ലഭിച്ചിരുന്നു. ടിആർഎസിലെ പ്രഭാകർ റെഡ്ഡിക്ക് 74,687 വോട്ടും ബിജെപിയിലെ മനോഹർ റെഡ്ഡി ക്ക് 14,725 വോട്ടുകളുമാണ് ലഭിച്ചത്.