ചെന്നൈ: തെലുങ്ക് പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവിൽ. പോയസ് ഗാർഡനിലെ താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി പോയ വിവരം അറിയുന്നത്.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തുടര്‍ന്ന് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
തുടര്‍ന്ന് പ്രശ്നം പരിഹരിക്കാൻ കസ്തൂരി വീട്ടിൽ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുകയും തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്.