തെങ്ങമം: 35 വർഷത്തെ കാത്തിരിപ്പിന് വിരാമം. ചെറുകുന്നം -കൈതക്കൽ കനാലിൽ വെള്ളമെത്തിച്ചു. 35 വർഷം മുന്പ് കനാൽ നിർമിച്ചതാണെങ്കിലും വെള്ളമെത്തിയിരുന്നില്ല. അപേക്ഷയുമായി നാട്ടുകാർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ടും അത്രതന്നെ കാലമായി. വെള്ളച്ചിറ ഭാഗംവരെ മാത്രമേ വെള്ളമെത്തിയിരുന്നുള്ളൂ.
അവിടെനിന്ന് തെക്കോട്ട് ഉയർന്ന പ്രദേശമായതിനാൽ വെള്ളം ഒഴുകിയെത്തുമായിരുന്നില്ല. കനാൽ വെള്ളമൊഴുകുന്ന തരത്തിൽ കുഴിച്ച് ക്രമീകരിച്ചാൽ മതിയായിരുന്നു. വേനലിൽ പള്ളിക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായിരുന്നു കൈതക്കൽ-ചെറുകുന്നം ഭാഗങ്ങൾ. ഈ വേനലിലും വെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടമോടുന്നത് കണ്ടപ്പോൾ പഞ്ചായത്തംഗം ജി. സന്തോഷ്കുമാർ ഒന്നുകൂടി കെഐപി ഓഫീസുകൾ കയറിയിറങ്ങി. ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ നാട്ടുകാരെ വിളിച്ച് കാര്യം ധരിപ്പിച്ചു.
മനുഷ്യ പ്രയത്നത്താൽ കനാൽ കുഴിക്കാൻ തീരുമാനിച്ചു തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും സഹായത്തിന് വിവിധ ദിവസങ്ങളിലെത്തി. കൂടുതൽ കട്ടിയുള്ള ഭാഗങ്ങളിൽ ഹിറ്റാച്ചി ഉപയോഗിച്ച് പണി നടത്തി. രണ്ടര കിലോമീറ്ററാണ് പണി നടത്തിയത്. ഇതിനുള്ള തുക നാട്ടുകാർ പിരിച്ചു നൽകി.
കനാലിൽ വെള്ളമെത്തിയത് 250 ലധികം കുടുംബങ്ങൾക്കാണ് ഗുണകരമായത്. കിണറുകളും കൃഷിയിടങ്ങളും ജലസമൃദ്ധമായി. കുടിവെള്ളക്ഷാമത്തിനും പരിഹാരമായി. സർക്കാർ സംവിധാനത്തിന്റെ ഉദാസീനതയാണ് ഇത്രകാലം ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. ജനകീയ കൂട്ടായ്മയിൽ കനാൽ നിർമാണം നടത്തിയ മണക്കാല ജനകീയ കൂട്ടായ്മയെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു ഇവിടുത്തെ കൂട്ടായ്മയോടെയുള്ള പ്രവർത്തനം.