ചങ്ങനാശേരി: പായിപ്പാട്ടെന്നപോലെ തെങ്ങണയിലും ഇതരസംസ്ഥാന തൊളിലാളികളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്നു. തൊഴിലാളികളുടെ കണക്കുകള് കണ്ടെത്തുന്നതില് സര്ക്കാരിന്റെ വിവിധ വകുപ്പുകള് പരാജയം. തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള് തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തില് മുന്കാലങ്ങളില് നടന്നിരുന്നു.
എന്നാല് ഇക്കാര്യങ്ങള് ഫലവത്തല്ലെന്നാണു സൂചനകള് ലഭിക്കുന്നത്. വന്നുപോകുന്ന തൊഴിലാളികളുടെ എണ്ണം വര്ധിച്ചത് പോലീസിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.ബംഗാള്, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളില് നിന്നുള്ള തൊഴിലാളികളാണ് ഇവിടേക്കു വന്തോതില് എത്തുന്നത്.
തൃക്കൊടിത്താനം പോലീസിന്റെ പരിശോധന പായിപ്പാട്ട് ഊർജിതമായതോടെയാണ് തൊഴിലാളികൾ തെങ്ങണയിലേക്കു താമസം മാറ്റുന്നതെന്നാണ് റിപ്പോർട്ട്.കഞ്ചാവ്, രാസലഹരി വില്പ്പന, മോഷണം തുടങ്ങിയ കേസുകളിൽ ഇതരസംസ്ഥാനക്കാർ പ്രതികളാകുന്ന സാഹചര്യം വർധിച്ചതോടെ പായിപ്പാട്ടും തെങ്ങണയിലും പോലീസ് എയ്ഡ്പോസ്റ്റുകള് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യമുന്നയിച്ചു.
പായിപ്പാട്ട് നൂറോളം ക്യാമ്പുകളിലായി എണ്ണായിരത്തോളം, തെങ്ങണയില് വിവിധ ക്യാമ്പുകളിലായി ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്നതായാണ് ഏകദേശ കണക്ക്. കോവിഡിന്റെ തുടക്കത്തില് ഇതരസംസ്ഥാന തൊളിലാളികള് സംഘടിച്ചത് സംസ്ഥാന സര്ക്കാരിനെതന്നെ ഞെട്ടിച്ചിരുന്നു.
52 ഗ്രാം ഹെറോയിന്, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇന്നലെ രാവിലെ തെങ്ങണയില്നിന്ന് ഇതരസംസ്ഥാന തൊഴിലാളിയെഎക്സൈസ് പിടികൂടിയിരുന്നു. 35,000 രൂപയും ഇയാളില്നിന്നു കണ്ടെടുത്തു. പശ്ചിമബംഗാള് മാള്ഡ ജില്ല സ്വദേശി കുത്തുബ് ഗന്ജ് സ്വദേശി മുബാറക് അലി (37)യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്.