വടക്കഞ്ചേരി: ആലത്തൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി 46 വീടുകൾ തകർന്നു.150 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ ഉണ്ടായി. ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണ് ഇത്. കാലവർഷത്തോടെയാണ് നഷ്ട കണക്ക് ഉയർന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നും ധനസഹായം തേടിയുള്ള അപേക്ഷകളും വരുന്നുണ്ടെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു.
നഷ്ട കണക്കുകൾ കൂടുതലും വടക്കഞ്ചേരി ഉൾപ്പെടെ മലയോര മേഖലയിൽ നിന്നാണ്.മഴക്കൊപ്പമുണ്ടാകുന്ന ശക്തമായ കാറ്റാണ് വിളകൾക്ക് വലിയ നാശമുണ്ടാക്കുന്നത്. കാറ്റിൽ മരം കടപുഴകിയും കൊന്പുകൾ പൊട്ടിവീണും വീടുകൾക്ക് കേട്പാട് സംഭവിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനു ശേഷം മഴക്ക് കുറവ് വന്നത് ആശ്വാസമാകും.
തെങ്ങുവീണ് വീടുതകർന്നു
മണ്ണാർക്കാട് : തെങ്ങ് വീണ് വീട് തകർന്നു . ശക്തമായ മഴയെ തുടർന്ന് വീടിന് സമീപമുള്ള തെങ്ങ് വീണ് വീട് തകർന്നു.
തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ വടക്കു വീട്ടിൽ വിശ്വനാഥന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം .വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ഇവർ രക്ഷപ്പെട്ടു.