തെങ്കാശി: ജില്ലയിലെ കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലയായ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 കവിഞ്ഞു. ബുധനാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആണ്.
ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ളത് പുളിയങ്കുടിയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നത് കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കേരളത്തിനോട് ചേര്‍ന്ന് കിടുക്കുന്ന ജില്ലയായ തെങ്കാശിയില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക കൊല്ലം ജില്ലയേയും അതിര്‍ത്തി ഗ്രാമങ്ങളെയുമാണ്.
പുളിയങ്കുടിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നും നാരങ്ങയും, വിവിധ പഴ വര്‍ഗങ്ങളും ധാരാളമായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജില്ല ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസം തമിഴനാട്ടില്‍ നിന്നും മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറി ഡ്രൈവര്‍ക്ക് തമിഴ്നാട്ടിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമാനമായി ആര്യങ്കാവ് വഴിയും ധാരാളം ലോറികള്‍ ലോഡുമായി കടന്നുവരാറുണ്ട്.
പരിശോധനയും നിരീക്ഷണവും ശക്തമാണെങ്കിലും ആശങ്കക്ക് തല്ക്കാലം വിരാമമിടാന്‍ കഴിയില്ലെന്നു അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. അതേസമയം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ കടുത്ത നടപടികളാണ് തെങ്കാശി ജില്ല ഭരണകൂടവും പോലീസും സ്വീകരിച്ചിരിക്കുന്നത്.
പല പ്രദേശങ്ങളിലും താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റുകളിലും പൊതുയിടങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തന്നെ ലോക്ഡൗണ്‍ നടപ്പിലാക്കി വരുകയാണ്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സമൂഹവ്യാപനം തടയുന്നതടക്കം കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിവരുന്നത്.