തെന്മല(കൊല്ലം) : മൂന്നു പെണ്‍കുട്ടികളുടെ ദാരുണ മരണത്തിനിടയാക്കിയ ഉറുകുന്നു വാഹനാപകടത്തിന് കാരണം അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് പോലീസ്.
കഴിഞ്ഞദിവസമാണ് ഉറുകുന്നു ജംഗ്ഷന് സമീപം പിക്കപ്പ് ഇടിച്ച് തെറിപ്പിച്ച മൂന്ന് പെണ്‍കുട്ടികള്‍ ദാരുണമായി മരിച്ചത്. ഇതിനെ തുടര്‍ന്ന് തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴനാട് സ്വദേശി വെങ്കിടേഷ് എന്നയാളുടെ അറസ്റ്റാണ് തെന്മല പോലീസ് രേഖപ്പെടുത്തിയത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അമിത വേഗത്തിൽ എത്തിയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായി എന്നതാണ്.
എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ പറയുന്നത് ഡ്രൈവര്‍ ഉറങ്ങിയതും വാഹനത്തിന്റെ ടയറുകള്‍ അടക്കമുള്ളവ ഉപയോഗ യോഗ്യമല്ലാത്തതുമാണ് കാരണം എന്നാണ്.
അപകടത്തെത്തുടര്‍ന്ന് ഒരുകൂട്ടം നാട്ടുകാര്‍ പുനലൂര്‍ തെന്മല പാത ഉപരോധിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉപരോധക്കാരെ പിരിച്ചുവിടാന്‍ എത്തിയ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസും നാട്ടുകാരും
തമ്മില്‍ ചെറിയരീതിയില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായി. എന്നാല്‍ പോലീസ് അനുനയിപ്പിച്ചു നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് നേരെയും രോഷപ്രകടനം നടത്തി.