കൊല്ലം: തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. ഇന്നലെ വൈകുന്നേരം ഡാമിലെ ജലനിരപ്പ് 115.62 മീറ്ററില്‍ എത്തിയതിനെത്തുടര്‍ന്ന് മൂന്നു ഷട്ടറുകള്‍ 105 സെന്റീ മീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമില്‍ കൂടുതല്‍ വെള്ളം എത്തുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും.
പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിറക്കര വില്ലേജില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍നിന്ന് നാലു കുടുംബങ്ങളെ മാറ്റി. ഇതില്‍ മൂന്നു കുടുംബങ്ങളിലെ ഒന്‍പതു പേരെ ചിറക്കര പഞ്ചായത്തിന്റെ പകല്‍വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറി.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് വില്ലേജ് തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിഴക്കന്‍മേഖലയിലെ വില്ലേജ് ഓഫീസുകളിലും ജാഗ്രതാ സംവിധാനങ്ങളുണ്ട്.