തെന്മല : തെന്മല കുറവന്തവളത്തില് വയോധികയെ കാണാതായിട്ട് 20 ദിവസം തികയുന്നു. കുറവന്താവളം 50 ഏക്കറില്‍ ഹാരിസന് മലയാളം ലിമിറ്റഡ് ക്വാര്ട്ടെഴ്സില് അമ്മിണി (72) യാണ് ഇക്കഴിഞ്ഞ 15 മുതല്‍ കാണാതായത്.
വീട്ടിലെ വളര്‍ത്ത് നായയെ കാണാനില്ലെന്നു പറഞ്ഞ് അന്വേഷിച്ച് ഇറങ്ങിയതാണ് അമ്മിണി. എന്നാല്‍ പിന്നീട വളര്‍ത്ത് നായ വീട്ടില്‍ എത്തിയെങ്കിലും അമ്മിണിയെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബന്ധുവീടുകളിലും അയല്‍വാസികളുടെ വീടുകളിലും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ അമ്മിണിയെ കാണാനില്ലെന്ന് കാണിച്ച് മക്കള്‍ തെന്മല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മിണിയുടെ തിരോധാനത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
വനം വകുപ്പിന്റെ സഹായത്തോടെ പ്രദേശത്തെ വനമേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാരില്‍ നിന്നും അമ്മിണിയെ അവസാനമായി കണ്ടവരില്‍ നിന്നും അടക്കം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വനത്തില്‍ തെരച്ചില്‍ നടക്കുന്നതിനോടൊപ്പം തന്നെ വനാതിര്‍ത്തികളില്‍ സംശയം തോന്നുന്ന ഭാഗങ്ങളില്‍ മണ്ണ് മാന്തി യാത്രം എത്തിച്ച് കുഴിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.
ചെറിയ ഓര്‍മ്മക്കുറവുള്ള അമ്മിണി നായയെ തിരക്കി വനത്തില്‍ എത്തുകയും വഴിയറിയാതെ ഉള്‍വനത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വഭരന്‍, എസ്ഐ വി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.