തെന്മല: പരിമിതികളില്‍ വീര്‍പ്പുമുട്ടി തെന്മല പോലീസ് സ്റ്റേഷന്. 1972ലാണ് സ്റ്റേഷന് രൂപീകരിച്ചത്. 1974 മുതലാണ് ഇപ്പോഴുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഓടിട്ട പഴയ കെട്ടിടമായതിനാല്‍ മഴ പെയ്താല്‍ ചോര്‍ന്ന് അകം മുഴവന്‍ വെള്ളക്കെട്ടാകും. ഒരുവര്‍ഷമാകുന്നതേയുള്ളൂ സ്റ്റേഷനില്‍ പുതിയ ഒരു ജീപ്പ് ലഭിച്ചിട്ട്.
അച്ചന്‍കോവില്‍ പോലീസ് സ്റ്റേഷന് രൂപീകരിച്ചശേഷം തെന്മലസ്റ്റേഷന്റെ അംഗബലം കുറച്ചു. മൂന്ന് എസ്ഐമാര്‍, രണ്ട് എഎസ്ഐമാര്‍, എട്ട് സീനിയര്‍ സിപിഒമാര്‍, ഇരുപത്തിയൊന്ന് സിപിഒമാര്‍, ഒരു വനിത സീനിയര്‍ സിപിഒ, നാല് വനിത സിപിഒമാര്‍ എന്നിങ്ങനെ 39 ജീവനക്കാരാണ് വേണ്ടത്.
നിലവില്‍ 31 പേരെ ഉള്ളൂ. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ ഏക സ്റ്റേഷനാണിത്. വര്‍ഷത്തില്‍ 1500ല്‍ കൂടുതല്‍ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ പോലീസ് സ്റ്റേഷനായി തെന്മല തടി ഡിപ്പോയ്ക്കു സമീപം വനംവകുപ്പിന്റെ ഒരേക്കര്‍ ഭൂമി കണ്ടുവച്ചിട്ടുണ്ട്.
തുടര്‍നടപടി ഒന്നുമായിട്ടില്ല. താത്കാലികമായി വാടകയ്ക്ക് തെന്മല ഡാമിന് സമീപമുള്ള കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ കീഴിലുള്ള ഇന്സ്പെക്ഷന് ബംഗ്ലാവിലേക്ക് മാറ്റുമെന്ന വാഗ്ദാനം എങ്ങുമെത്തിയിട്ടുമില്ല. നിലവില്‍ ശൗചാലയങ്ങള്‍ പുനര്‍നിര്‍മിച്ചാണ് ഉപയോഗിക്കുന്നത്.
പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള വിശ്രമമുറിയുടെ കാര്യവും ദയനീയമാണ്. ഇവിടെയും ചോര്‍ന്നൊലിച്ച് തകര്‍ന്നിരിക്കുകയാണ്. മഴയാകുമ്പോള്‍ ടാര്‍പ്പ ഓടിനു മുകളില്‍ ഇടും. മഴ മാറുമ്പോള്‍ അഴിച്ചുമാറ്റും.