കൊല്ലം : തെന്മല പോലിസ് സ്റ്റേഷൻ മാറ്റുന്നത് സംബന്ധിച്ച് ഭരണകക്ഷിയിൽ തർക്കം രൂക്ഷമായി .മന്ത്രിയുടെയും സിപിഐയുടെയും നിലപാടിനെ തിരെ സിപിഎം ഏരിയ കമ്മിറ്റിയാണ് രംഗത്തുവന്നത്. പോലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കും വരെ നിലവിലുള്ള സ്ഥലത്ത് നിലനിർത്തണമെന്ന് സി പി എം ഏരിയാ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ കൂടിയായമന്ത്രി കെ.രാജു പോലീസ് സ്റ്റേഷൻ കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഐബിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം പുനലൂർ ഏരിയ കമ്മിറ്റിയെ അറിയിച്ചു.ഇതോടെയാണ് സിപിഐയുടെയും മന്ത്രിയുടെയും നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഏരിയ സെക്രട്ടറി രംഗത്തെത്തിയത്.
തെന്മലയിൽ വനംവകുപ്പിന്റെ അധീനതയിലുള്ള 95 സെന്റ് സ്ഥലം പോലിസ് സ്റ്റേഷൻ നിർമ്മിക്കാൻ വിട്ടു നൽകാനുള്ള നീക്കവുമായി മന്ത്രി മുന്നോട്ട് പോകുകയാണ്. അതു വരെ സ്റ്റേഷൻ ഇപ്പോഴത്തെ സ്വകാര്യ എസ്റ്റേറ്റിലെ കെട്ടിടത്തിൽ നിന്ന് തെന്മല ഡാം ജംഗ്ഷനിലെ കെഐപി മന്ദിരത്തിലേക്ക് മാറ്റാനാണ് മന്ത്രിയുടെയും പാർട്ടിയുടെയും തീരുമാനം.
പോലിസ് സ്റ്റേഷന് പുതിയ കെട്ടിടമുണ്ടാകേണ്ടതും അതിന് വനം വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതും സ്വാഗതാർഹമാണ്. തെന്മല വർഷങ്ങളായി നേരിടുന്ന വികസന പ്രതിസന്ധി സ്ഥലമില്ലാത്തതാണ്. സ്വകാര്യ എസ്റ്റേറ്റ് ഉടമ തർക്കം ഉന്നയിച്ച സ്ഥലം ഒഴികെ പരിഗണിച്ചാലും അവിടെ ധാരാളം റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ട്.
ഈ സ്ഥലത്തോ വനഭൂമിയിലോ പോലിസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് സി പി എം നിലപാട്. പുതിയ സ്ഥലത്ത് തെന്മലസ്റ്റേഷൻ മന്ദിരം നിർമ്മിക്കും വരെ നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, കളക്ടർ, റൂറൽ എസ്പി എന്നിവർക്ക് നിവേദനം നൽകിയെന്നും എസ് ബിജു പറഞ്ഞു.