തെന്മലയില് 14 കാരിയെ കൂട്ട മാനഭംഗം നടത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പലര്ക്കായ് കാഴ്ചവച്ചത് സ്വന്തം മാതാവും വളര്‍ത്തച്ഛനും ചേര്‍ന്ന്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് ചോദ്യം ചെയ്യലില്‍ പുറത്തായിരിക്കുന്നത്. കേസില്‍ കുട്ടിയുടെ മാതാവ്, വളര്‍ത്തച്ഛന്റെ ബന്ധു എന്നിവരടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വളര്ത്തച്ഛന് അടക്കം അഞ്ചില്‍ അധികംപേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ ഒളിവിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പീഡനം നടന്ന സ്വകാര്യ തോട്ടത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി വരികയാണ്.
വര്‍ഷങ്ങളായി മാതാവും വളര്‍ത്തച്ഛനും ചേര്‍ന്ന് കുട്ടിയെ വന്‍തുകക്ക് മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്പ്പെട്ടുഎന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി .എല്‍ സുധീര്‍ പറഞ്ഞു. കേരളം-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും.
രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടമാനഭംഗത്തിന് ഇരയായതായി പോലീസിന് വിവരം ലഭിച്ചത്. അതേസമയം തെന്മലയില് പതിനാലുകാരിയെ കൂട്ട മാനഭംഗം നടത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണം. കോണ്‍ഗ്രസ് കൊല്ലം ഡിസിസി സെക്രട്ടറിയും തെന്മല ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ ശശിധരനാണ് ആരോപണവുമായി രംഗത്തെത്തിയത്. കാടിളക്കി അന്വേഷണം നടത്തുന്ന പോലീസ് കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.