നിലന്പൂർ: കവളപ്പാറ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് 59 പേർ മണ്ണിനടിയിൽപ്പെട്ട സംഭവത്തിൽ മുത്തപ്പൻമല സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളും കാരണമായതായി വിദഗ്ധരുടെ വിലയിരുത്തൽ. കവളപ്പാറയുടെ അഞ്ചു കിലോമീറ്ററിനുള്ളിൽ 12 ക്വാറികളും മണ്ണിടിച്ചിൽ പ്രദേശത്തിന്റെ 10 കിലോമീറ്ററിനുള്ളിൽ 21 ക്വാറികളുമുണ്ട്.
അഭൂതപൂർവമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമെന്ന് വിലയിരുത്തൽ നടത്തുന്പോഴും പ്രദേശത്തെ അനധികൃതക്വാറികളാണ് ആഘാതം വരുത്തിയതെന്നു വ്യക്തമാക്കി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്. ക്വാറികളുടെ പ്രവർത്തനം പ്രദേശത്തിന്റെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. ഇത് മുത്തപ്പൻകുന്നിനെ അസ്ഥിരമാക്കി.
പോത്തുകൽ പഞ്ചായത്തിൽ പെട്ട മുരുകാഞ്ഞിരം മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വലിയ കരിങ്കൽ ക്വാറികളാണുള്ളത്. ജിയോളജിക്കൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത പാറ പൊട്ടിക്കലെന്നാണ് ആക്ഷേപം. മുത്തപ്പൻകുന്നിന് എതിർവശത്താണ് മുരുകാഞ്ഞിരം മേഖല. ഏറ്റവും അധികം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്ന മുരുകാഞ്ഞിരം മേഖലയോടു ചേർന്നാണ് പാതാർ മേഖല. ഏറ്റവും വലിയ നാശനഷ്ടമാണ് പതാറിലുണ്ടായത്. പാതാർ അങ്ങാടി തന്നെ ഇല്ലാതായി.
പാതാറിൽ ഇനി പുനരധിവാസം പോലും പ്രയാസമാണെന്നു സ്ഥലം സന്ദർശിച്ച മന്ത്രി കെ.ടി.ജലീൽ തന്നെ വ്യക്തമാക്കി കഴിഞ്ഞു. 1993ൽ പാതാർ വാളൻകൊല്ലിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു പേർ മരിച്ചിരുന്നു. ഈ ഭാഗത്ത് ഏതു സമയവും ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ദിവസേന 20 മുതൽ 50 ലോഡ് വരെ കരിങ്കൽ കയറ്റി പോകുന്ന രീതിയിലുള്ള പ്രവർത്തനം നടന്നിട്ടും അധികൃതർ മൗനം പാലിച്ചതാണ് പ്രദേശത്തു വീണ്ടുമൊരു ദുരന്തത്തിന് വഴിതെളിച്ചത്.
ഇവിടെയുള്ള ക്വാറികളുടെ എണ്ണം കണ്ടെത്താൻ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ എടുത്തതായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറസ്റ്റ് ഹെൽത്ത് ഡിവിഷൻ ഹെഡ് ടി.വി.സജീവ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ക്വാറികൾക്ക് പെർമിറ്റ് നൽകുന്നതിനുമുന്പ് അധികാരികൾ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായ നിലന്പൂർ ആഢ്യൻപാറയിലും റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനസമ്മതതോടെ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മുത്തപ്പൻകുന്നും ഈ മേഖലകളുമായി 10 കിലോമീറ്ററിൽ കുറഞ്ഞ ദൂരം മാത്രമാണുള്ളത്. കരിങ്കൽ ക്വാറികൾക്ക് ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നതിനാൽ പലപ്പോഴും ഉരുൾപ്പൊട്ടൽ സാധ്യത ഇല്ല എന്ന റിപ്പോർട്ടാണ് നൽകുന്നത്.