‘തേപ്പ്’ ന്യൂജനറേഷന് ഭാഷാശൈലിയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണിത്. പറ്റിച്ചു കടന്നുകളയുക, പറഞ്ഞു പറ്റിക്കുക തുടങ്ങിയവയെ പ്രധാനമായും തേപ്പ് എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ തേപ്പിനെ ആസ്പദമാക്കി ഒരു ചലച്ചിത്ര ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലെ ഈ പാട്ട് ഇന്നലെയാണ് യുട്യൂബില്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ടുതന്നെ ഈ ഗാനം വൈറലാവുകയും ചെയ്തു. പാട്ടിനെ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു.
തേച്ചില്ലേ പെണ്ണെ…തേച്ചില്ലേ പെണ്ണേ തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ. എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം ശ്രദ്ധ ആകര്‍ഷിച്ചത്. നമിത പ്രമോദും ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും വിനായകനും ഷറഫുദീനുമാണ് പാട്ടിന്റെ രംഗത്തിലുള്ള പ്രധാന താരങ്ങള്‍. വലിയൊരു സംഘത്തിനൊപ്പം തനി നാടന്‍ ശൈലിയിലുള്ള വരികളെ സ്റ്റൈലന്‍ രീതിയില്‍ പാടിയഭിനയിക്കുന്നതു കാണാനും കേള്‍ക്കാനും ഒരുപോലെ രസമുള്ളതാണ്. ഫഹദിന്റെയും സഹ താരങ്ങളുടെയും മുഖഭാവവും വരികളിലെ കുസൃതിയുമാണ് പാട്ടിലെ പ്രധാന ആകര്‍ഷണം. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഗോപി സുന്ദറും. ഗോപി സുന്ദറിനൊപ്പം നിരഞ്ജ് സുരേഷും ചേര്‍ന്നാണീ പാട്ട് പാടിയത്.