എതിരാളികളുടെ രഹസ്യനീക്കങ്ങൾ പോലീസിന് അവൾ ചോർത്തിക്കൊടുത്തു. ഇതുവഴി എതിരാളികളുടെ ബിസിനസ് മേഖലകളിൽ പോലീസ് റെയ്ഡും മറ്റും ശക്തമായി.
പോലീസ് കാമുകൻ ഇതിനെല്ലാം ശശികലയെ സഹായിച്ചു. ഇതോടെ ശശികല കൂടുതൽ കരുത്തയായി മാറി. എന്നാൽ, ഇവരുടെ മുന്നേറ്റത്തിൽ തകർന്നുപോയവരെല്ലാം പക മനസിൽ സൂക്ഷിച്ച് അവസരം കാത്തിരിക്കുകയായിരുന്നു.
ശശികലയുടെ വീരകഥകൾ മുംബൈ നഗരത്തിനു പുറത്തേക്കും പ്രചരിച്ചുതുടങ്ങി. ശശികലയുടെ അനധികൃത മാർഗത്തിലുള്ള മിന്നൽ വളർച്ച ഇതിനോടകം സർക്കാർ തലത്തിലും ചർച്ചയായി. മയക്കുമരുന്നു ലോബിയെ അടിച്ചമർത്തണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നുതുടങ്ങി.
റെയ്ഡും തിരിച്ചടിയും
ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ശശികല ദ്രോഹിച്ചവരെല്ലാം ശശികലയ്ക്കെതിരേ രംഗത്തു വന്നു തുടങ്ങി. ശശികലയെ പൂട്ടാനുള്ള തന്ത്രങ്ങൾ അവർ ആവിഷ്കരിച്ചു.
സർക്കാരിനു മേൽ പല രൂപത്തിൽ അവർ സമ്മർദം ചെലുത്തി. ഒടുവിൽ മുംബൈ നഗരത്തെ അടക്കിവാണ മയക്കുമരുന്ന് മാഫിയകൾക്കെതിരേ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ നിർബന്ധിതമായി. സർക്കാർ 2014ൽ അന്വേഷണത്തിന് ഉത്തരവിട്ടു.
നാർക്കോട്ടിക് വിഭാഗത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണം ശശികലയെയും ബാധിച്ചു. കാരണം മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന ചുക്കാൻ അവരുടെ കൈയിലായിരുന്നല്ലോ.
സംസ്ഥാനമൊട്ടാകെ മയക്കുമരുന്നു വേട്ട തുടങ്ങി. റെയ്ഡുകൾ വ്യാപിപ്പിച്ചു. അമ്പതു ഗ്രാമിൽ കൂടുതൽ മയക്കുമരുന്ന് കൈയിൽവച്ചു പിടിക്കപ്പെട്ടാൽ രണ്ടു ലക്ഷം രൂപ പിഴയും പത്തു വർഷം തടവും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിച്ചു.
ശശികലയുടെ വീടുകളിൽ നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. റെയ്ഡ് വിവരങ്ങളെല്ലാം ശശികലയ്ക്കു പോലീസിൽനിന്നു ചോർന്നു ലഭിച്ചിരുന്നു. ഈ അവസരത്തിലാണ് അന്വേഷണ സംഘത്തിന് ഇവരുടെ പോലീസിലെ ‘കാമുകനെ’കുറിച്ചു ചില വിവരങ്ങൾ ലഭ്യമായത്.
പോലീസ് കാമുകൻ പെട്ടു
ഈ വഴി അന്വേഷണം തുടർന്ന സംഘത്തിനു തെറ്റിയില്ല. അന്വേഷണസംഘം കാമുകന്റെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി. ഒന്നരക്കിലോ ഹെറോയിൻ അടക്കം കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുകളും ഇരുപതു കോടിയോളം രൂപയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തു.
പോലീസുകാരനായ കാമുകനെ ഒരിക്കലും ആരും സംശയിക്കില്ലായെന്നായിരുന്നു ശശികലയുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് മയക്കുമരുന്നും പണവുമെല്ലാം പോലീസ് കാമുകന്റെ വീട്ടിലേക്കു ശശികല മാറ്റിയിരുന്നത്.
കൈയോടെ പിടിക്കപ്പെട്ടതോടെ ഇതെല്ലാം ശശികലയുടെ സ്വത്തുക്കളാണെന്നും പിടിക്കപ്പെടാതിരിക്കാനും ആർക്കും സംശയം തോന്നാതിരിക്കാനും തന്റെ വീട്ടിൽ സൂക്ഷിച്ചതാണെന്നും പോലീസ് കാമുകൻ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
ഇതോടെ ശശികലയ്ക്കെതിരേ അന്വേഷണ സംഘം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
രക്ഷയ്ക്കായി ഒാട്ടം
താൻ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശശികല ഒളിവിൽ പോയി. ഇതിനിടെ, അവരുടെ രണ്ട് ആൺ മക്കളെ പൂന- മുംബൈ ഹൈവേയിൽ മറ്റൊരു മയക്കുമരുന്ന് ഇടപാടിൽ പോലീസ് വളഞ്ഞിട്ടു പിടിച്ചു.
അധോലോകത്തെ വലിയ മീൻ ആയ ശശികലയെ പിടികൂടാനായില്ലെങ്കിൽ കിട്ടുന്നിടത്തുവച്ചു വെടിവയ്ക്കാനുള്ള നീക്കം അന്വേഷണ സംഘം നടത്തി. ഇതറിഞ്ഞതോടെ ശേഷിക്കുന്ന തന്റെ സന്പാദ്യം ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാനും കേസിൽനിന്നു രക്ഷപ്പെടാനും അവൾ ശ്രമിച്ചു.
എന്നാൽ, അവരുടെ എതിരാളികൾ ശശികലയെ കുടുക്കിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു. കുറെക്കാലം ഒളിവിൽ കഴിഞ്ഞ ശശികല മുംബൈ പനവേലിൽവച്ചു കിലോക്കണക്കിനു മയക്കുമരുന്നുമായി പോലീസ് പിടിയിലായി.
ഇവർ ഇപ്പോൾ ജയിലിലാണെങ്കിലും ഇപ്പോഴും മയക്കുമരുന്ന് ലോബികൾ ഇപ്പോഴും മുംബൈയിൽ തഴച്ചുതന്നെ നിൽക്കുന്നു.