ദുബായ്: ദുബായിൽ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിനു മുൻപുതന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും.
മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബായില്‍ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു.
ഇനി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുൻപു രാജ്യത്തുനിന്നു പുറത്തുപോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിനു നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.
ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല.
കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം.