സൗദിയിലെത്തുന്ന സ്ത്രീകള്‍ പൊതുവേദിയില്‍ തട്ടം ധരിക്കണമെന്നത് സൗദിയില്‍ നിര്‍ബന്ധമായ കാര്യമാണ്. എന്നാല്‍ രണ്ടു ദിവസത്തെ വ്യാപാര സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് തട്ടമിടാന്‍ തയ്യാറായില്ല. ഇത് ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയെങ്കിലും വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ ഇതൊരു തടസമല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
സൗദിയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസുമായി നടത്തിയ ചര്‍ച്ചകളിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കോടികളുടെ ബിസിനസ് ബ്രിട്ടന് വേണ്ടി നേടിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 1.6 ബില്യണ്‍ പൗണ്ടിന്റെ ഷെയറുകള്‍ ലണ്ടന്‍ നഗരത്തിലേക്കെത്താനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു. ഇതിന്റെ ഭാഗമായി സൗദി ആരാംകോ ലണ്ടന്‍ ഷെയര്‍മാര്‍ക്കറ്റിലേക്കെത്തുകയും ചെയ്യും. ബ്രിട്ടനും സൗദി അറേബ്യയും തമ്മില്‍ 13 വര്‍ഷത്തേക്കുള്ള വ്യാപാരക്കരാറിലാണ് ധാരണയായിരിക്കുന്നത്. ലണ്ടന് വേണ്ടിയുള്ള 1.6 ട്രില്യണ്‍ പൗണ്ടിന്റെ കരാറിനെ പിന്തുണയ്ക്കാനായി തെരേസ സൗദി ഒഫീഷ്യലുകള്‍ക്ക് മേല്‍ പ്രേരണ ചെലുത്തിയിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ എന്നിവര്‍ക്ക് നല്‍കിയത് പോലുള്ള ഊഷ്മളമായ സ്വീകരണമാണ് തെരേസയ്ക്ക് അബ്ദുള്ള രാജാവില്‍ നിന്നും ലഭിച്ചത്.
സൗദി രാജകൊട്ടാരത്തില്‍ വച്ചാണ് തെരേസ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. തട്ടമിടണമെന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും രാജാവിനെ കാണാന്‍ പോകുമ്പോള്‍ തെരേസ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. രണ്ടു ദിവസവും അവര്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് സൗദിയിലൂടെ സഞ്ചരിച്ചത്. രാജാവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സൗദിയിലെ ജീവിതം ആധുനികവല്‍ക്കരിക്കുന്നതിനും വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതുമായ കരാറില്‍ തെരേസ ഒപ്പ് വച്ചിട്ടുണ്ട്. വരാനിരിക്കുന്ന 13 വര്‍ഷങ്ങളില്‍ എണ്ണ കയറ്റുമതിയെ അധികമായി ആശ്രയിക്കാതെ മുന്നോട്ട് പോകാനാണ് സൗദിയുടെ തീരുമാനം. ഇതിന് പുറമെ സ്ത്രീകളെ കൂടുതലായി തൊഴില്‍ മേഖലയിലേക്ക് പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിക്കാനും പദ്ധതിയുണ്ട്.ലോകത്തിലെ ഏറ്റവും മൂല്യമേറിയ എനര്‍ജി സ്ഥാപനമായ ആരാംകോ ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയും തെരേസയുടെ സന്ദര്‍ശനത്തോടെ ഉയര്‍ന്ന് വന്നിരിക്കുകയാണ്. തന്റെ സന്ദര്‍ശനത്തിനിടെ റിയാദിലെ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുമായും തെരേസ സംവദിച്ചിരുന്നു. എന്തായാലും തെരേസയുടെ സന്ദര്‍ശനം ഒരു മാറ്റത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.