മാവേലിക്കര: കോടതി മുറിയിൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി നടപടികൾ തടസപ്പെടുത്തുകയും ചെയ്ത പ്രതി റിമാൻഡിലായി. മാവേലിക്കര സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടിതിയിലാണ് സംഭവം. നൂറനാട് സ്റ്റേഷനിൽ 2015ൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയായ കൊല്ലം മാങ്ങാട് കട്ടച്ചിറ വിളയാറ്റുവിള വീട്ടിൽ ജോസ്(മൊട്ട ജോസ്-48) ആണ് മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞത്.
ഇന്നലെ രാവിലെ 11.10ഓടെയായിരുന്നു നാടകീയ സംഭവം. ഒരു സങ്കടം ബോധിപ്പിക്കുവാനുണ്ടെന്ന് ഹാജരാക്കവെ പ്രതി മജ്സ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് പ്രതിയെ മജിസ്ട്രേറ്റ് അടുത്തേക്ക് വിളിപ്പിച്ചു. തന്റെ കേസ് നീണ്ടു പോകുന്നതെന്തെന്ന് മാന്യമായ ഭാഷയിൽ പ്രതി മജിസ്ട്രേറ്റിനോട് ചോദിച്ചു. നൂറനാട് പോലീസ് കേസിന്റെ ചാർജ്ജ് നൽകാത്തതിനാലാണ് കേസ് നീണ്ടു പോകുന്നതെന്ന് മജിസ്ട്രേറ്റ് മറുപടി നൽകിയ ഉടനെ പ്രതി പ്രകോപിതനാകുകയും മജിസ്ട്രേറ്റിനെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും കോടതി നടപടികൾ തടസപ്പെടുത്തുകയുമായിരു്ന്നു.
തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ ഇവിടെ നിന്നും നീക്കുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾ തിരുവനന്തപുരം സെട്രൽ ജയിലിൽ കഴിഞ്ഞു വരവെയാണ് കേസിന്റെ ആവശ്യത്തിനായി ഇയാളെ ഇന്നലെ മാവേലിക്കരയിൽ എത്തിച്ചത്.
നിരന്തരമായുള്ള സെൻട്രൽ ജയിലിൽ നിന്നുള്ള യാത്രയും അലച്ചിലുമാണ് പ്രകോപിതനാകാൻ കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞതാണ് വിവരം. സംഭവത്തിൽ മാവേലിക്കര പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. ജോസിനെ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 27 വരെയാണ് റിമാൻഡ്