എനിക്ക് പെട്ടെന്ന് ഒരു ദിവസം ധനു സാറിന്റെ (എസ്. ധനു) ഓഫീസില്നിന്നൊരു കോള്‍ വന്നു. സംവിധായകന് ആറ്റ്ലിക്ക് നിങ്ങളെ കാണണമെന്നു പറഞ്ഞു. എന്നോടു കഥ പറയാന്‍ വരുന്നതാകുമെന്നു ഞാന്‍ കരുതി. നോര്‍മലി അങ്ങനെയാണല്ലോ. ഓക്കെ കാണാം, വരാന്‍ പറഞ്ഞോളൂ എന്നു ഞാന്‍ അവര്‍ക്കു മറുപടി കൊടുത്തു. അങ്ങനെ അപ്പോയ്മെന്റ് കൊടുത്ത് അതിനുള്ള സമയം ഫിക്സ് ചെയ്തു.
പക്ഷേ ആറ്റ്ലി വന്നപ്പോള്‍ എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന സംശയത്തിലായി. വിജയ് സാര്‍ പോലീസ് ഇന്‍സ്പെക്ടറായി വരുന്ന തെരി എന്ന സിനിമയാണെന്നു പറഞ്ഞു. അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്നും ആറ്റ്ലി പറഞ്ഞു.
അപ്പോള്‍ ഞാന്‍ ആലോചിച്ചത് കുട്ടിയോ? ഞാന്‍ എങ്ങനെ വിജയ് സാറിന്റെ കുട്ടിയായി അഭിനയിക്കും എന്നായിരുന്നു. അവസാനം ആറ്റ്ലി, എന്താണ് നിങ്ങള്‍ പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ലെന്നു ഞാന്‍ പറഞ്ഞു.
മാഡം, നിങ്ങള്‍ക്കൊരു മകള്‍ ഉണ്ടെന്നു കേട്ടു എന്നായിരുന്നു ആറ്റ്ലി മറുപടി നല്‍കിയത്. അപ്പോഴാണ് എനിക്കു കാര്യം മനസിലായത്. എന്റെ മകള്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനാണ് ആറ്റ്ലി വന്നതെന്ന്. എനിക്കാകെ നാണക്കേടു തോന്നി.
-മീന