പുഞ്ചവയൽ: വീടും വീട്ടുപകരണങ്ങളും നശിച്ച പുഞ്ചവയൽ ചതുപ്പ് തടത്തിൽ ത്രേസ്യാമ്മ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്.
രാത്രിയിലാണ് ബന്ധുവായ കറിയാച്ചൻ ഫോണ് വിളിച്ചത്. വീട്ടിൽ വെള്ളം കയറിയോ എന്നറിയാനായിരുന്നു വിളിച്ചത്.
ത്രേസ്യാമ്മ (72) കണ്ണുതുറന്നു നോക്കുന്പോൾ വീടിനകത്ത് മുട്ടറ്റം വെള്ളം. മകൻ പുറത്ത് പോയിരുന്നതിനാൽ രാത്രിയിൽ ത്രേസ്യാമ്മ തനിച്ചായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ മൊബൈൽഫോണ് എടുത്ത് അയൽവാസിയായ കൊല്ലമന കുഞ്ഞുമോനെ വിളിച്ചു. അപ്പോൾ സമയം രാത്രി ഒരു മണി പിന്നിട്ടിരുന്നു.
വിവരമറിഞ്ഞു കുഞ്ഞുമോനും മകൻ ജോസുകുട്ടി സെബാസ്റ്റ്യനും സമീപവാസിയായ വെട്ടക്കൽ സോണിയും എത്തിയപ്പോൾ ത്രേസ്യാമ്മയുടെ വീടിന്റെ പാതി ഭാഗം മുങ്ങിയിരുന്നു.
ജനലിന്റെ അഴികളിൽ തൂങ്ങിനിന്നു ജീവനായി കേഴുന്ന ത്രേസ്യാമ്മയെയാണു ലൈറ്റ് വെട്ടത്തിൽ ഇവർക്കു കാണാനായത്. ഞൊടിയിടയിൽ വെള്ളം ഉയർന്നു.
എന്തു ചെയ്യണമെന്നറിയില്ല. പക്കാനം തോട്ടിലൂടെയുള്ള മഴവെള്ളപ്പാച്ചിൽ കാരണം വീടിനടുത്തേക്ക് എത്താനും സാധിക്കുന്നില്ല.
പിന്നെ കുഞ്ഞുമോനും സംഘവും സമീപത്തെ കിണറ്റിൽ ഉപയോഗിച്ചിരുന്ന കയറെടുത്ത് ത്രേസ്യാമ്മയ്ക്ക് എറിഞ്ഞുകൊടുത്തു. അരയിൽ മുറുക്കി കെട്ടാൻ പറഞ്ഞു.
അപ്പോഴേക്കും വെള്ളം കഴുത്തറ്റം എത്തിയിരുന്നു. വെള്ളത്തിന്റെ സമ്മർദത്തിൽ വീടിന്റെ പുറകിലെ കതക് പൊളിഞ്ഞു. ഈ കതക് തകർത്തു ത്രേസ്യാമ്മയെ മൂവർസംഘം കയറിൽ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
രാത്രിയിലെ സംഭവങ്ങളെക്കുറിച്ചു ചോദിക്കുന്പോൾ ഭയം കൊണ്ടു ത്രേസ്യാമ്മയുടെ ചുണ്ടുകൾ വിറച്ചു. എന്റെ വീടും വീട്ടുപകരണങ്ങളുമെല്ലാം നശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ- ത്രേസ്യാമ്മ പറയുന്നു.
വളരെ കുറച്ച് നാളുകളേ ആയുള്ളൂ ത്രേസ്യാമ്മയും മകനും ഈ വീടും പുരയിടവും വാങ്ങിയിട്ട്. അതുകൊണ്ടുതന്നെ ഇവിടെ വെള്ളം ഉയരുമെന്ന കാര്യം ഇവർക്ക് അറിയില്ലായിരുന്നു.
സമീപത്തെ കല്യാണ വീട്ടിലെ വാഹനവും മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകേണ്ടതായിരുന്നു. ബഹളം വച്ചും ഒച്ചയുണ്ടാക്കിയുമാണ് ഉറങ്ങിക്കിടന്നിരുന്ന പലരെയും എഴുന്നേൽപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിലും മഴവെള്ളപ്പാച്ചിലിലും പുഞ്ചവയൽ പാക്കാനം മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.