മെയ് ഒന്നിന് രാവിലെയാണ് ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തിനും സൈന്യ ബലത്തിനും ക്ഷതമേല്‍പ്പിച്ച് രണ്ട് ജവാന്മാരെ പാക്കിസ്ഥാന് വധിച്ച് മൃതദേഹം വികൃതമാക്കിയത്. രാവിലെ എട്ടരയ്ക്കുണ്ടായ ആക്രമണം പല വിധ സൂചനകളും സംശയങ്ങളും അവശേഷിപ്പിച്ചിരുന്നു. ഒന്നാമത് രാത്രിമുഴുവന്‍ പാക് സൈന്യത്തിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നോ എന്നുള്ളതാണത്. പിന്നെ പാകിസ്ഥാന് അത്യാധുനിക സാങ്കേതിക സഹായം എവിടുന്നെങ്കിലും ലഭിക്കുന്നുണ്ടോ എന്നത്. കാരണം ഇന്ത്യയുടെ തെര്‍മല്‍ ഇമേജിംഗ് സംവിധാനത്തെ അത്ര വിദഗ്ധമായാണ് പാക്കിസ്ഥാന് കബളിപ്പിച്ചത്. പച്ചപ്പുള്ള സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുന്നതിന് ഉപയോഗിക്കുന്ന ഗില്ലി സൂട്ട്സ് ഉപയോഗിച്ചാണ് പാക് സൈന്യം അവിടെയെത്തിയതെന്ന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ബിഎസ്എഫ് ജവാനായ രജീന്ദര്‍ സിംഗ് പറയുന്നു. അതിര്‍ത്തി പട്രോളിംഗിനിറങ്ങിയതായിരുന്നു സിംഗും കൂട്ടരും. ഈ സമയത്ത് ആക്രമണമുണ്ടായി. ശ്രദ്ധ തിരിക്കാന്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പുനടത്തി പാക് സൈന്യം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പാകിസ്ഥാന് ഇക്കാര്യം നടപ്പാക്കിയത്.
സൈന്യം സംഭവ സ്ഥലത്തെത്താതിരിക്കാന് നിരന്തരമായ ആക്രമണം സൃഷ്ടിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പാകിസ്ഥാനായി. പിന്നീട് സംഭവസ്ഥലത്ത് വേര്‍പെട്ട തലയോടുകൂടി ജവാന്മാരുടെ ശരീരം കണ്ടെടുത്തു. ഇത് ഇന്ത്യയ്ക്ക് കൃത്യമായ നിരീക്ഷണ സംവിധാനം ഉണ്ടായിരുന്ന സ്ഥലത്താണെന്നുള്ളതാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്. രാത്രിയില്‍ നിരീക്ഷിക്കാന്‍ തെര്‍മല്‍ ഇമേജിംഗ് സംവിധാനമാണ് ഇന്ത്യ ഇവിടെ ഉപയോഗിക്കുന്നത്. ഇത് തീര്‍ത്തും കാര്യക്ഷമമാണെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവവികാസം മൊത്തം തെര്‍മല്‍ ഇമേജിംഗ് സംവിധാനത്തേയും പ്രതിക്കൂട്ടില്‍ നിര്ത്താന്പോന്നതാണ്. ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ഇമേജറുകളെ കബളിപ്പിക്കുക ശ്രമകരമാണ്. മരങ്ങളേയും പാറയേയും മറപറ്റിയാണ് സാധാരണ തെര്‍മല്‍ ഇമേജറുകളില്നിന്ന് രക്ഷനേടുന്നത്. എന്നാല്‍ തികച്ചും നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാകാത്ത സ്ഥലത്ത് ഇങ്ങനെ ഒരു ആക്രമണം നടത്താനായതെങ്ങനെ എന്നത് ദുരൂഹമാണ്.
ഏപ്രില്‍ മുപ്പതിന് രാത്രിമുഴുവന്‍ നിരീക്ഷണമുണ്ടായിട്ടും സ്ഥലത്ത് അസ്വാഭാവികമായി യാതൊന്നും കാണപ്പെട്ടില്ല. ഇന്ത്യയുടെ അതിര്‍ത്തിമുഴുവന്‍ കാക്കുന്ന തെര്‍മല്‍ ഇമേജിംഗ് സംവിധാനത്തെ കബളിപ്പിക്കാന്‍ തക്ക എന്തെങ്കിലും സാങ്കേതിക വിദ്യ പാക് സൈന്യം ഉപയോഗിക്കുന്നുണ്ടോ എന്നും സംശയമുയരുന്നുണ്ട്. കയ്യില്‍ കൊണ്ടുനടക്കുന്നതരം തെര്‍മല്‍ ഇമേജറുകളാണ് സൈന്യം ഉപയോഗിക്കുന്നത്. തെര്‍മല്‍ ഇമേജിംഗ് സൗകര്യമുള്ള ബൈനോക്കുലറുകളും സൈന്യത്തിന്റെ പക്കലുണ്ട്. ഇവയ്ക്ക് പിടികൊടുക്കാത്ത രീതിയില്‍ സ്ഥലത്തെത്താന്‍ സാധിക്കുന്ന സാങ്കേതിക മുന്നേറ്റം പാക് സൈന്യത്തിന് എന്തായാലും ഉണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പുറം രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാന് ഇതുമായി ബന്ധപ്പെട്ട സഹായം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടത് ആവശ്യമാണ്. കാരണം അതിര്‍ത്തിയില്‍ പൊതുവെ ഈ സംവിധാനമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതില്‍ പിഴവുണ്ടായാല്‍ സുരക്ഷാ സംവിധാനെ പൊലിയുകയും ഒരുപാചട് ജീവനുകള്‍ അപകടത്തിലാവുകയും ചെയ്യുമെന്നത് ഉറപ്പാണ്. കൈവശമുള്ള തെര്‍മല്‍ ഇമേജറുകള്‍ കാര്യക്ഷമമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന് സൈന്യം ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.