താരസംഘടനയായ അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ച സംഭവം വലിയ രീതിയില്‍ ചര്‍ച്ചയാവുമ്പോള്‍ അമ്മ ഷോയില്‍, അംഗങ്ങളായ നടിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റ് വിവാദമാവുന്നു. ഡബ്ല്യുസിസിയെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു അമ്മ ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റ്. അതില്‍ക്കൂടിയുള്ള പരാതിയിലാണ് നടിമാര്‍ അമ്മയില്‍ നിന്ന് പുറത്തായതെന്നും വാര്‍ത്തകളുണ്ടായ സാഹചര്യത്തിലാണ് സ്‌കിറ്റ് ചര്‍ച്ചയായിരിക്കുന്നത്.
ഡബ്ല്യൂസിസിയുടെ നിലപാടിനെ ‘അമ്മ’ നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്ന് റിമ കല്ലിങ്കലിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എന്നാല്‍ നടിമാരുടെ ആ പരാതിയ്ക്ക് കഴമ്പില്ലെന്നാണ് അമ്മയില്‍ അംഗം കൂടിയായ നടി തെസ്‌നി ഖാന്‍ പറയുന്നത്.
ഡബ്ല്യൂസിസി അംഗമായ പാര്‍വതി സ്‌കിറ്റ് കണ്ടതാണെന്നും അപ്പോള്‍ ഉണ്ടാവാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേ തെസ്‌നി ഖാന്‍ ചോദിച്ചത്.
സുരഭി ലക്ഷ്മി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍, അനന്യ, കുക്കു പരമേശ്വരന്‍ എന്നിവരാണ് വിവാദ സ്‌കിറ്റില്‍ അഭിനയിച്ചത്. മഞ്ജു പിള്ളയും സുരഭിയും ചേര്‍ന്നാണ് സ്‌കിറ്റ് തയാറാക്കിയത്. മോഹന്‍ലാല്‍ ,മമ്മൂട്ടി, സിദ്ദിഖ് ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരാണ് സ്‌കിറ്റിന് അംഗീകാരം നല്‍കിയത്.
റിഹേഴ്‌സല്‍ സമയത്തും പരിപാടി സ്റ്റേജില്‍ അവതരിപ്പിക്കുമ്പോഴുമെല്ലാം പാര്‍വതി സ്‌ക്റ്റ് കണ്ടതാണ്. അപ്പോഴൊന്നും അവര്‍ യാതൊരു പരാതിയും പരിഭവവും അറിയിച്ചില്ല, ആരോടും പറഞ്ഞുമില്ല. എന്നാല്‍ ഷോ കഴിഞ്ഞ് ഇത്രയും നാളുകള്‍ക്ക് ശേഷം സ്‌കിറ്റ് വിവാദമായതെങ്ങനെയെന്ന് അറിയില്ല. ഇതിന്റെ പിന്നില്‍ ആരാണെന്നും വ്യക്തമല്ല. തെസ്‌നിഖാന്‍ പറഞ്ഞു.