പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് നടന്നത്.
ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം എന്നോട് അവന് പറഞ്ഞു, എടോ തെസ്നി ഒന്ന് നിക്കടോന്ന്.
എന്താണെന്ന ചോദ്യത്തിന് പോക്കറ്റില്‍നിന്ന് ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാന്‍ ബുക്കിന്റെയുള്ളില്‍ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല.
ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്കൂളില്‍ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു. എന്നിട്ടാണ് വായിച്ചത്.
ആ കത്തില്‍ തെസ്നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്.
അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. സത്യത്തില്‍ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടതായിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളില്‍ വച്ചു.
അന്ന് വൈകുന്നേരം വീട്ടില്‍ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് രാത്രി പഠിക്കാനിരുന്നപ്പോള് ഈ കത്ത് എടുത്ത് വച്ചിട്ട് വീണ്ടും വായിക്കാന്‍ തുടങ്ങി.
അത് വായിച്ചോണ്ടിരിക്കുമ്പോള്‍ മമ്മി പുറകില്‍ നില്ക്കുന്നു. കൈയോടെ പിടികൂടിയതിനാല്‍ ആ പ്രണയം അവിടെ അവസാനിച്ചു. -തെസ്നിഖാൻ