മുംബൈ: രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ഓട്ടോറിക്ഷ ഏറെ ശ്രദ്ധപിടിച്ചു പറ്റി.
അതിൽ ചെയ്തിരിക്കുന്ന പെയിന്റിംഗ് ആണ് കക്ഷിയെ താരമാക്കിയത്. ലോകം കണ്ട മികച്ച ചിത്രകാരന്മാരിലൊരാളായ വിൻസന്റ് വാൻഗോഗിന്റെ “ദി സ്റ്റാറി നൈറ്റ്’ എന്ന പെയിന്റിംഗ് ആണ് വാഹനത്തിൽ ചെയ്തിരുന്നത്.
കലാസ്വാദകർക്ക് അതിലെ യാത്ര, നക്ഷത്രനിബിഡമായ രാത്രിയിൽ ഇരിക്കുന്നതുപോലെയാണ്! ഓട്ടോറിക്ഷ പോകുന്നതു കണ്ടാൽ “സഞ്ചരിക്കുന്ന പെയിന്റിംഗ്’ പോലെ തോന്നും! ഓട്ടോറിക്ഷ കാണാനും സെൽഫി എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്.
എന്നാൽ ഈ വിഖ്യാതചിത്രം ഓട്ടോയിൽ വരച്ച ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. കലാസ്വാദനസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച വാൻഗോഗ് 1889ലാണ് “ദി സ്റ്റാറി നൈറ്റ്’ പൂർത്തിയാക്കുന്നത്. കലാസ്വാദകർക്ക് എന്നും വിസ്മയമായ ചിത്രമാണത്.