അത് തേജസ്വിനിയല്ല, ജീവിച്ചിരിക്കുന്ന ഈ കുഞ്ഞിന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത് ദയവുചെയ്ത് നിര്‍ത്തു! ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയുടെ പാട്ടെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ

നല്ല കാര്യങ്ങളേക്കാളുപരിയായി സമൂഹമാധ്യമങ്ങളുടെ ദൂഷ്യവശങ്ങളാണ് ഇപ്പോള്‍ കൂടുതലായും ചര്‍ച്ചയാവുന്നത്. കൈയ്യില്‍ കിട്ടുന്ന എന്തും വീണ്ടുവിചാരമില്ലാതെ ഷെയര്‍ ചെയ്യുന്നതാണ് സമൂഹത്തില്‍ പല അരക്ഷിതാവസ്ഥയ്ക്കും കാരണമാവുന്നതും.

ജീവിച്ചിരിക്കുന്നവരെ പോലും ഇത്തരത്തില്‍ സമൂഹമാധ്യങ്ങള്‍ കൊല്ലാക്കൊല ചെയ്യാറുണ്ടെന്നതാണ് സത്യം. സമാനമായി സമൂഹമാധ്യമങ്ങളുടെ ഇരയായി മാറിയിരിക്കുകയാണിപ്പോള്‍ അന്തരിച്ച ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി. ‘ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയുടെ പാട്ട് കേള്‍ക്കൂ’ എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വിഡിയോയാണ് ബാലഭാസ്‌കറിന്റെയും വീഡിയോയിലെ കുട്ടിയുടെയും പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്.

ചന്ദനമണിവാതില്‍ പാതി ചാരി എന്ന ഗാനം പാടുന്ന കുഞ്ഞുഗായികയുടെ വിഡിയോയാണ് തേജസ്വിനിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. വിഡിയോയില്‍ കാണുന്ന കുഞ്ഞിനെ ചിത്ര ഉള്‍പ്പടെയുള്ള ഗായകര്‍ നേരിട്ട് അഭിനന്ദിച്ചിട്ടുള്ളതാണ്. തേജസ്വനിയാണെന്ന തരത്തില്‍ മറ്റൊരു കുഞ്ഞിന്റെ വിഡിയോയാണ് വൈറലാകുന്നത്.

‘ഈ വിഡിയോയിലുള്ളത് തേജസ്വിനിയല്ല, ദയവു ചെയ്ത് ജീവിച്ചിരിക്കുന്ന ആ കുട്ടിയെ കൊല്ലരുത്’ ചിലര്‍ കമന്റുകളിലൂടെ സത്യാവസ്ഥ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. എത്ര അബദ്ധം സംഭവിച്ചാലും പ്രചരിപ്പിക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കാന്‍ ഇനി എന്ന് പഠിക്കും ആളുകള്‍.

Related posts