കോഴിക്കോട്: മിഠായിത്തെരുവിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താത്ത 223 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള അന്തിമ പരിശോധനയുടെ ഭാഗമായി 710 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പരിശോധന ഇന്നും തുടരും. റവന്യൂ, കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോർപറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കോഴിക്കോട് മിഠായിത്തെരു നവീകരണ പദ്ധതി ജൂലൈ അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ യു.വി. ജോസ് അറിയിച്ചു. മിഠായിതെരുവ് നവീകരണം സംബന്ധിച്ച് കളക്ടറുടെ ചേംബറിൽ ചേർന്ന വ്യാപാരികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചത്.
മിഠായിത്തെരുവിന്റെ സുരക്ഷയും ഭംഗിയും സൗകര്യങ്ങളും മെച്ചപ്പെടുത്തി കൂടുതൽ ആളുകൾ എത്തിച്ചേരുന്ന പ്രധാന വ്യാപാര കേന്ദ്രമായി മാറ്റാനാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ വ്യാപാരികൾ തന്നെയായതിനാൽ അവരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യൂതി, ടെലിഫോണ്, കേബിളുകളും ജലവിതരണ പൈപ്പും സുരക്ഷിതമായി ഭൂമിക്കടിയിലൂടെ കൊണ്ടുപോകുവാനുളള തീരുമാനമെടുത്തത്. തെരുവിന്റെ ഇരുവശങ്ങളിലും ട്രഞ്ചുകൾ കീറിയുളള ഈ പ്രവൃത്തി നിശ്ചിത സമയത്തിനകം തന്നെ തീർക്കാനാവും. വിവിധ വകുപ്പുകളും കരാറുകാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഫെബ്രുവരി 25ന് ചേർന്ന വ്യാപാരികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ ഉയർന്നുവന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പൂർത്തീകരിക്കാൻ വ്യാപാര സ്ഥാപനങ്ങൾ തയ്യാറായതിനെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. കച്ചവട സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ആശിക്കുന്നില്ല. എന്നാൽ പൊതുജനങ്ങളുടേയും സ്ഥാപനങ്ങളുടെതന്നെയും സുരക്ഷ മുൻനിർത്തി നിർദ്ദേശിക്കപ്പെട്ട സുരക്ഷാ മുൻകരുതൽ നടപടിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല.
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിന്റെ പേരിൽ അടച്ചുപൂട്ടാൻ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ രണ്ടു ദിവസത്തിനകം പ്രവൃത്തി നടത്തിയാൽ നടപടിയിൽ നിന്ന് ഒഴിവാകാനാവും. നവീകരണ പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് ഒരേ പോലെയുളള രൂപ ഭംഗിയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം ഇതിന്റെ രൂപരേഖ തയ്യാറാക്കി വ്യാപാര സ്ഥാപനങ്ങൾക്ക് നൽകും. എസ്.കെ. പൊറ്റക്കാട് ജംഗ്ഷനിലും റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിലും ആകർഷകമായ ഗേറ്റുകൾ സ്ഥാപിക്കും. തെരുവിന്റെ ഇരുവശങ്ങളിലും ചിത്രത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.