മരട്: കാലവർഷം ശക്തമായി തുടരുന്പോൾ മിക്ക റോഡുകളുടെ കാര്യവും പരിതാപകരമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. മെയിൻ റോഡുകളിൽ പോലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇടറോഡുകൾ കാൽനടയാത്രയ്ക്കു പോലും പറ്റാതെ തകരുകയാണ്.
കുണ്ടന്നൂർ തേവര പാലത്തിലെ ടാറിംഗ് ഇളകിയതാണ് ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത്. പത്തു വർഷത്തെ ഗാരണ്ടിയോടെ 2015ൽ നടത്തിയ ടാറിംഗാണു മൂന്നുവർഷം പോലും തികയുന്നതിനു മുന്പു തകർന്നുതാറുമാറായിരിക്കുന്നത്. ഇതോടെ പാലത്തിലൂടെ യാത്ര ദുരിതമായിമാറി. തേവര ഫെറി റോഡിലെ ശാന്തിനഗർ ജംഗ്ഷൻ മുതൽ പലസ്ഥലത്തും ഈവിധം ടാറിംഗ് തകർന്നിട്ടുണ്ട്.
കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് ഇവിടെ കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ കാലങ്ങളായി കണ്ണടച്ച നിലയിലാണ്. രാത്രികാലയാത്രകളെ ഇത് അപകടംപിടിച്ചതുമാക്കുന്നു.
കൊച്ചി-ധനുഷ്കോടി ഹൈവേയുടെ ഭാഗമായുള്ള കുണ്ടന്നൂർ മുതൽ പേട്ട വരെയുള്ള ഭാഗത്തും റോഡ് തകർന്നിട്ടുണ്ട്. മരട് ഗാന്ധി സ്ക്വയർ ഒരു കിലോമീറ്റർ താണ്ടാൻ ഒരു മണിക്കൂർ വരെ വേണ്ടി വരുന്നു. സെൻട്രൽ റോഡ് ഫണ്ട് ബോർഡിൽനിന്നു പതിനൊന്നു കോടി മുടക്കി നിർമിച്ച റോഡിന്റെ ഭാഗമാണ് ഒരു വർഷം തികയുന്നതിനു മുന്പു തകർന്നത്.
മഴക്കാലം കഴിയാതെ ഇനി ഒരുതരത്തിലുള്ള അറ്റകുറ്റപ്പണികളും സാധ്യമല്ലെന്നാണു ദേശീയപാതാ അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.