കൊച്ചി: ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ല, തേവര ഫെറി സർവീസ് നടത്തുന്ന ബോട്ടുകളിലെ യാത്ര അപകടകരം. ദിവസവും നൂറുകണക്കിനു വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബോട്ടുകളിൽ ആകെയുള്ളത് രണ്ടോ മൂന്നോ ലൈഫ്ബോയകൾ മാത്രം. കുന്പളത്തിനും നെട്ടൂർക്കുമാണു തേവര ഫെറിയിൽനിന്നു സർവീസുള്ളത്. രണ്ടിടങ്ങളിലേക്കും ഒരോ ബോട്ടുകൾവീതമാണുള്ളത്.
യാത്രികരുടെ തിരക്കിനനുസരിച്ച് ശരാശരി പത്ത് മിനിട്ട് ഇടവിട്ടാണു സർവീസ്. ഇത്തരത്തിൽ സർവീസ് നടത്തുന്ന രണ്ടു ബോട്ടുകളിലുമായാണു ആകെ വിരലിലെണ്ണാവുന്ന ലൈഫ്ബോയകൾ മാത്രമുള്ളത്. ഇതിൽ ചിലത് കാലപഴക്കത്താൽ നശിച്ച നിലയിലുമാണ്. മരട് നഗരസഭയുടെ നേതൃത്വത്തിലാണു നെട്ടൂർക്കുള്ള ബോട്ട് സർവീസ്. ഈ ബോട്ടിൽ ഏവർക്കും സൗജന്യമായി യാത്രാ ചെയ്യാമെങ്കിലും ജീവൻ പണയംവച്ചാണു യാത്ര.
കാലപ്പഴക്കംചെന്ന ബോട്ടാണു നിലവിൽ നെട്ടൂർക്കുള്ള സർവീസിന് ഉപയോഗിക്കുന്നത്. ഇതു പലപ്പോഴും പണിമുടക്കുന്നുണ്ടെന്നും യാത്രികർ പരാതി പറയുന്നു. സർവീസ് നിലച്ചാൽ നെട്ടൂരുകാർ കിലോ മീറ്ററുകൾ റോഡ് മാർഗം സഞ്ചരിച്ചുവേണം നഗരത്തിലെത്താൻ. ബോട്ട് സർവീസാണെങ്കിൽ ഏതാനും മിനിട്ടുകൾക്കകം തേവര ഫെറിയിലെത്തിച്ചേരാം. കുന്പളത്തിനു സർവീസ് നടത്തുന്നതു സ്വകാര്യ ബോട്ടാണ്.
നേരത്തേ സർവീസ് നടത്തിയിരുന്ന ബോട്ട് കാലപഴക്കത്തെത്തുടർന്നു മാറ്റിയിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കുമുന്പാണു പുതിയ ബോട്ട് എത്തിച്ചത്. ഏഴ് രൂപയാണു മുതിർന്നവർക്കുള്ള ചാർജ്. വിദ്യാർഥികൾ രണ്ടു രൂപ വീതവും നൽകണം.
നേരത്തേ സർവീസ് നടത്തികൊണ്ടിരുന്ന ബോട്ടിനേക്കാൾ ചാർജ് കൂടുതലാണെന്ന പരാതികൾ നിലനിൽക്കുകയാണെങ്കിലും സർവീസ് നടത്തുന്നതു പുതിയ ബോട്ടാണല്ലോ എന്നതു മാത്രമാണു യാത്രക്കാരുടെ ആശ്വാസം. നഗരത്തിലെ വിവിധ സ്കൂളുകളിലേക്കു വരുന്ന വിദ്യാർഥികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ എത്തുന്നവർ എന്നിങ്ങനെ നൂറുകണക്കിനുപേരാണ് ഈ സർവീസുകളെ ആശ്രയിക്കുന്നത്.
രാവിലെയും വൈകുന്നേരവുമാണ് യാത്രികരുടെ എണ്ണം കൂടുതലായുള്ളത്. ഈ സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തുന്നുമുണ്ട്. കാലവർഷം കലിതുള്ളുന്ന ഈ സമയത്ത് ആവശ്യത്തിനു സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ബോട്ടുകൾ സർവീസ് നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്.