തലയോലപ്പറന്പ്: വിവരം ലഭിച്ചു മിനിട്ടുകൾക്കകം മോഷ്ടാവിനെ വെള്ളൂർ പോലീസുമായി ചേർന്ന് പിടികൂടിയ തലയോലപ്പറന്പ് എസ്ഐ വി.എം. ജയ്മോന്റെ നിർണായകമായ ഇടപെടൽ മുന്പു കുപ്രസിദ്ധ മോഷ്ടാവിനെ അഴിക്കുള്ളിലാക്കിയിട്ടുണ്ടെന്ന് സഹപ്രവർത്തകർ.
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന തീവെട്ടി ബാബുവിനെ വലയിലാക്കിയതിൽ ജയ്മോന്റെ കരങ്ങളുണ്ടായിരുന്നു.
ജയിൽ മോചിതനായി രണ്ടാഴ്ചയ്ക്കകം വീണ്ടും മോഷണം നടത്തിയ 150 ഓളം മോഷണക്കേസിലെ പ്രതിയായ കൊല്ലം പാരിപ്പള്ളി നന്ദു ഭവനിൽ തീവെട്ടി ബാബു (57) വിനെ മരങ്ങാട്ടുപള്ളിയിൽവച്ച് എസ്എച്ചഒ രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയതിലാണ് ജയ്മോനും ഭാഗമായത്.
2020 കോവിഡ് കാലത്ത് കേരളത്തിൽനിന്നും ഉത്തർപ്രദേശിലേക്കു നടന്നു പോകാനിറങ്ങിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് തിരികെ എത്തിച്ച സംഭവവും ആളുകൾ പറയുന്നു.
കോവിഡിനെത്തുടർന്നു ജോലി നഷ്ടമായി സാന്പത്തിക ബുദ്ധിമുട്ടിലായതോടെ മാനസികമായി തകർന്നു വള്ളിച്ചിറയിലെ താമസസ്ഥലത്തുനിന്നുമിറങ്ങി മരങ്ങാട്ടുപള്ളിയിലെത്തി 2500 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ലക്നോവിലേക്കു നടന്നു പോവുകയായിരുന്ന അതിഥി തൊഴിലാളി രാജ്കുമാറിനെ ജയ്മോൻ വിവരമറിഞ്ഞെത്തി അനുനയിപ്പിച്ച് താമസ സ്ഥലത്തെത്തിക്കുകയായിരുന്നു.
ജനങ്ങളോടു മാന്യമായും സഹാനുഭൂതിയോടുകൂടിയും പെരുമാറുന്ന ജയ്മോനെ പോലുള്ള ഉദ്യോഗസ്ഥരാണ് പോലീസിനും ജനങ്ങൾക്കുമിടയിൽ മൈത്രിയുടെ പാലമിടുന്നതെന്ന പ്രശംസയും തേടിവരുന്നുണ്ട്.