അവര്‍ വരുന്നു… ആ വേദന മറക്കാതെ

AVARVARUNNUവി.ശ്രീകാന്ത്

മറുപടി പറയാന്‍ വയ്യാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുക… തളര്‍ന്നിരിക്കുന്നവനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തുവാക്കുകള്‍ കൊണ്ട് പ്രഹരിക്കുക… സിനിമയെ സ്‌നേഹിച്ചു പോയതിനാണോ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം എന്ന് ചിന്തിച്ചു പോയ നിമിഷങ്ങള്‍… ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഒരു യുവ സംവിധായകന്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി പെട്ടിയില്‍ തന്നെ ഇരുന്നു പോകുമെന്ന് പലരും അഭിപ്രായം പറഞ്ഞ അവരുടെ രാവുകള്‍ എന്ന സിനിമ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചിറകടിച്ചു ഉയരാന്‍ തുടങ്ങിയതെങ്ങനെയെന്ന് സംവിധായകന്‍ ഷാനില്‍ മുഹമ്മദ് രാഷ്ട്രദീപികയോട് മനസ് തുറക്കുന്നു….

ചിരി മായാത്ത മുഖവുമായി അജയ്

“”അവരുടെ രാവുകള്‍ സിനിമയെക്കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും അജയ്‌യില്‍ ചെന്നു മാത്രമേ അവസാനിക്കൂ. അത് അജയ് എനിക്കു തന്ന പിന്തുണയും സ്‌നേഹവും കൊണ്ടു മാത്രമാണ്. സെറ്റില്‍ ഞാന്‍ ടെന്‍ഷനിലാണെന്നു കണ്ടാല്‍ അജയ് ടെന്‍ഷന്‍ മാറ്റാന്‍ വേണ്ടി കാണിക്കുന്ന കുസൃതികള്‍ കണ്ടാല്‍ പിന്നെ ഷൂട്ടിംഗ് സെറ്റ് മൊത്തത്തില്‍ ഉഷാറാകും. എപ്പോഴും ചിരിച്ചു മാത്രമേ അജയ്‌യെ കണ്ടിട്ടുള്ളു. നീ ഹാപ്പി ആയാല്‍ അല്ലേ ഷാനിലെ മറ്റുള്ളവരും ഹാപ്പിയാകു. നിന്റെ മൂഡ് ശരിയല്ലേ ഷൂട്ട് നമ്മുക്ക് ഇപ്പോള്‍ നിര്‍ത്താം. നാളെ നീ ഫ്രീയായിട്ടങ്ങ് തുടങ്ങിയാല്‍ മതിയെന്നേ. ഒന്നേയുള്ളു സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടണം. അതിന് നീ ഹാപ്പിയാകണം’ ഈ വാക്കുകള്‍ തന്നെയായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു ഷൂട്ടിംഗ് സെറ്റില്‍ വര്‍ക്ക് ചെയ്യുന്നത് 150 പേരാണെങ്കില്‍ അത്രയും പേരും ഹാപ്പിയായി തന്നെ ആ സിനിമയെ സമീപിക്കണമെന്നന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അജയ്.സെറ്റിലെത്തുമ്പോഴും അല്ലാത്തപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അജയ്‌യെ കാണാന്‍ പറ്റില്ല.  അജയ് ഒരു അദൃശ്യ ശക്തിയായി ഞങ്ങളോടൊപ്പമുണ്ട് .ഇപ്പോഴും കാതില്‍ മുഴങ്ങി കേള്‍ക്കുന്നത് മരണത്തിന്റെ തലേന്നുള്ള അജയ്‌യുടെ ഫോണ്‍കോളാണ്.”

മറക്കാന്‍ പറ്റുന്നില്ല ആ ഫോണ്‍ കോള്‍

“”ഫെബ്രുവരിയില്‍ തുടങ്ങിയ സിനിമയുടെ ഷൂട്ട് ഏപ്രിലോടെ പൂര്‍ത്തിയായി.  ഏതു സമയത്തും അജയ്‌യുടെ കോള്‍ വരും. എന്തായി വര്‍ക്കെല്ലാം ഉഷാറായി നടക്കുന്നില്ലേ. ഷാനിലേ നമ്മുക്ക് എങ്ങനെയെങ്കിലും അടുത്ത മാസം(മേയില്‍) അവരുടെ രാവുകള്‍ തിയറ്ററിലെത്തിക്കണം. എന്തായാലും ഞാന്‍ നാളെ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് വരാം എന്നിട്ടു ബാക്കി കാര്യങ്ങള്‍ സംസാരിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതാണ്. അടുത്ത ദിവസം എന്നെ തേടിയെത്തുന്നത് അജയ്‌യുടെ മരണവാര്‍ത്തയാണ്. കേട്ടത് സത്യം തന്നെയാണെന്ന്് വിശ്വസിക്കാന്‍ നന്നേ പാടുപ്പെട്ടു. തലേന്നു പോലും എന്നെ വിളിച്ച് സിനിമയെ കുറിച്ച് വാതോരാതെ സംസാരിച്ചയാള്‍ ഇങ്ങനെ ചെയ്യില്ലാ എന്നു തന്നെ മനസ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞത് സത്യമാണോ എന്നു ചോദിച്ചുള്ള തുടരെ തുടരെയുള്ള ഫോണ്‍ കോളുകള്‍ കൂടി എത്തിയതോടെ ഞാന്‍ ആകെ തളര്‍ന്നു. എല്ലാവരോടും പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിച്ചു. അജയ് നമ്മളെ വിട്ടു പോയി’. എന്തിനായിരിക്കും അജയ് അങ്ങനെ ചെയ്തത്. ജീവിതം അവസാനിപ്പിക്കാന്‍ മാത്രം എന്തു പ്രശ്‌നമായിരുന്നു അവനുണ്ടായിരുന്നത്.”

ചോദ്യങ്ങള്‍ ഒരുപാട് ബാക്കിവെച്ചുള്ള യാത്ര

“” ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് അജയ് കൃഷ്ണന്‍ യാത്രയായത്. എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ഈ ചിത്രത്തിന്റെ തിരക്കഥയുമായി അജയ്‌യെ സമീപിച്ച അന്നു മുതല്‍ തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. നടന്‍ ആസിഫ് അലിയുടെ ഡേറ്റ് കിട്ടി. ഇനി മറ്റുള്ളവരുടെ കൂടെ കിട്ടിയാല്‍ മതിയെന്നു പറഞ്ഞപ്പോള്‍. അതൊക്കെ കിട്ടും നമ്മള്‍ എന്തായാലും ഈ സിനിമ ചെയ്യുവല്ലേ എന്നായിരുന്നു ചോദ്യം. പിന്നീട് ഇങ്ങോട്ട് അജയ്‌യെ ഹാപ്പിയായിട്ടല്ലാതെ കണ്ടിട്ടില്ല. അജയ്‌യെ പരിചയപ്പെടുന്ന ഏതൊരാളും പെട്ടെന്നൊന്നും അവനെ മറക്കില്ല. അത്ര പെട്ടെന്നായിരിക്കും അജയ് എല്ലാവരുടെയും മനസില്‍ ഇടം പിടിക്കുന്നത്. ഏപ്രിലില്‍ ഇങ്ങനെ ഒരു അപ്രതീക്ഷത വിയോഗം ഉണ്ടായ ശേഷം ഒരുപാട് ചോദ്യങ്ങള്‍ അജയ്‌യെ ചുറ്റിപറ്റി ഉയര്‍ന്നു. ഈ ചോദ്യങ്ങളില്‍ ഏറിയ പങ്കും എന്നെ തേടി തന്നെയാണ് എത്തിയത്. മരണത്തെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി അജയ് അങ്ങുപോയി. ഇതിനിടെ അവരുടെ രാവുകള്‍ സിനിമ കാരണമാണ് അജയ് ഈ കടുംകൈ ചെയ്‌തെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ഇതോടെ ഞാന്‍ ആകെ തളര്‍ന്നു.”

ഫോണ്‍ സ്വിച്ച് ഓഫ് ആക്കേണ്ട അവസ്ഥ

“”അവരുടെ രാവുകള്‍ സിനിമയുടെ പ്രിവ്യൂ കണ്ടിട്ടാണ് അജയ് ജീവനൊടുക്കിയത്. സിനിമ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നു ഭയന്നാണ് അജയ് ഇത് ചെയ്തതെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഷൂട്ടിംഗ് മാത്രം കഴിഞ്ഞ സിനിമയുടെ പ്രിവ്യൂ എങ്ങനെയാണ് അജയ് കാണുന്നത്. ഡബ്ബിംഗ് എഡിറ്റിംഗും ഉള്‍പ്പടെയുള്ള വര്‍ക്കുകള്‍ നടക്കാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളു ആ സമയത്ത്(ഏപ്രിലില്‍) അതിന്റെ തിരക്കില്‍ നില്‍ക്കുമ്പോളാണ് അജയ്‌യുടെ അപ്രതീക്ഷിത വിയോഗം. ആ ഷോക്കില്‍ നിന്ന് ഒന്നു നേരെയാകാന്‍ തന്നെ എത്രയോ ദിവസങ്ങളെടുത്തു. മറുപടി പറഞ്ഞ് മടുത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥവരെ ഉണ്ടായി. ആഴ്ചകളോളം എന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അപ്പോഴത്തെ എന്റെ അവസ്ഥ കണ്ട വീട്ടുകാരും ഭാര്യയുമെല്ലാം ഒരുപാട് വിഷമിച്ചിട്ടുണ്ട്. അജയ്‌യുടെ അദൃശ്യമായ സാന്നിധ്യം എന്നോടൊപ്പമുണ്ട്. എന്റെ മനസിന് പിന്തുണ നല്കുന്നതും അതു തന്നെയാണ്. ഒന്നോര്‍ക്കണം ഒരു സിനിമയുടെ പ്രിവ്യു കാണണമെങ്കില്‍ ആ സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞിരിക്കണം. അല്ലാതെ ഷൂട്ടിംഗ് മാത്രം കഴിഞ്ഞത് കൊണ്ട് കാര്യമില്ല. ഇപ്പോഴും സിനിമയുടെ 80 ശതമാനം ജോലി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു.”

മരണത്തെ വില്‍ക്കാന്‍ ശ്രമിച്ചവരോട് പ്രതികരിച്ചില്ല

“”അജയ്‌യുടെ  മരണം തന്ന ഷോക്കില്‍ നിന്ന്് ഇപ്പോഴും ഞാന്‍ പൂര്‍ണമുക്തനല്ല. നുണക്കഥകള്‍ പറഞ്ഞ് പ്രചരിപ്പിച്ചവരോട് ആ സമയം പ്രതികരിക്കാന്‍ നിന്നില്ല. മരണത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രം സംസ്കാരശൂന്യരായിരുന്നില്ല ഞങ്ങള്‍. അതുകൊണ്ട് തന്നെയാണ് അന്ന് പലരീതിയില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് മറുപടി കൊടുക്കാതിരുന്നത്. അവരുടെ രാവുകള്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു ഉള്‍പ്പടെ സിനിമയുമായി സഹകരിച്ച അത്രയും പേരും ഒരേ സ്വരത്തില്‍ അത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടയെന്നാണ് പറഞ്ഞത്. മരണത്തെ വില്‍ക്കാന്‍ ശ്രമിച്ചവരെ ഞങ്ങള്‍ മൗനം കൊണ്ട് പ്രതിരോധിച്ചു. അന്നു ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു ഈ ചിത്രം തിയറ്ററിലെത്തുമെന്ന്. അജയ് ഉണ്ടായിരുന്നുവെങ്കില്‍ മേയ് 20ന് തിയറ്ററിലെത്തേണ്ടതായിരുന്നു അവരുടെ രാവുകള്‍.”

അജയ്‌യുടെ വീട്ടുകാര്‍ തന്ന പിന്തുണ

“”മരണം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം അജയ്‌യുടെ അച്ഛന്‍ രാധാകൃഷ്ണന്‍ എന്നെ കാണാനായി വന്നു. നടന്ന സംഭവങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കാതെ അജയ് തുടങ്ങിവെച്ചത് നമ്മള്‍ക്കെല്ലാര്‍ക്കും കൂടി  അങ്ങ് പൂര്‍ത്തീകരിക്കണ്ടേ എന്നു ചോദിച്ചു. ഇതിനിടയില്‍ അജയ്‌യുടെ സുഹൃത്തുക്കളും സിനിമ തിയറ്ററിലെത്തിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അജയ്‌യുടെ അച്ഛന്‍ തന്നെ ഈ കാര്യത്തില്‍ മുന്‍കൈയെടുത്തതോടെ അവരുടെ രാവുകള്‍ തിയറ്ററിലെത്തുമെന്ന് ഉറപ്പായി. പിന്നെ പതുക്കെ പതുക്കെ സിനിമയുടെ മറ്റ് വര്‍ക്കുകള്‍ തുടങ്ങി. ഡബ്ബിംഗ് ഇപ്പോള്‍ പൂര്‍ണമായി. ഇനി ഫൈനല്‍ ഡ്രിമ്മിംഗും എഡിറ്റിംഗും കൂടി മാത്രമേ പൂര്‍ത്തിയാകാനുള്ളു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14നാണ് പുറത്തിറക്കിയത്.  ഈ സമയത്ത് പിന്തുണ തന്ന ആരേയും ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ രാവുകള്‍ ടീം തന്ന പിന്തുണ, താങ്ങായി നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ പ്രാര്‍ഥനകളുമെല്ലാമാണ് എനിക്ക് മുന്നോട്ടു പോകാനുള്ള ഊര്‍ജം തന്നത്.”

കുത്തുവാക്കുകള്‍ കൊണ്ട് നോവിച്ചവരോട്

“”എന്തിനാണ് അവര്‍ ഇത്തരം കെട്ടുക്കഥകള്‍ മെനഞ്ഞെടുത്തത് എന്നറിയില്ല. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവര്‍ക്കുള്ള മറുപടിയുമല്ല ഈ സിനിമ. ആരോടും ഒരു ഉപദ്രവവും ഇതുവരെ ചെയ്തിട്ടില്ല. സിനിമയെ ഒരുപാട് ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്കുള്ള ഗിഫ്റ്റാണ് അവരുടെ രാവുകള്‍ എന്ന സിനിമ. ഒപ്പം അജയ് തുടങ്ങിവെച്ചത് പൂര്‍ത്തീകരിക്കണമെന്നുള്ള അടങ്ങാത്ത വാശിയും. സിനിമാ മോഹികളായ ഒരുപറ്റം ആള്‍ക്കാരുടെ ഒരുപാട് നാളത്തെ അധ്വാനമാണ് ഈ സിനിമ. ഒളിഞ്ഞും മറഞ്ഞും കുത്തുവാക്കുകള്‍ കൊണ്ട് പ്രഹരിച്ചവര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

കാലഘട്ടത്തിന് അനുയോജ്യമായ കഥ

ഒരു കഥ എഴുതുക… പിന്നെ അത് സിനിമയാക്കുക… ഇതെല്ലാം സ്വപ്‌നം കണ്ട് നടന്നിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെയാണ് രണ്ടരവര്‍ഷം മുമ്പ് സുഹൃത്തായ റോജിന്‍ തോമസുമൊത്ത് മങ്കിപെന്‍ ചെയ്തത്. ആ ചിത്രം ചെയ്യുന്നതിന് മുമ്പേ തന്നെ അവരുടെ രാവുകളുടെ കഥ മനസില്‍ കയറി കൂടിയതാണ്. മങ്കിപെന്‍ ഹിറ്റായതോടെ കാലഘട്ടത്തിന് അനുയോജ്യമായ ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തിരക്കഥ ഒരുക്കുമ്പോള്‍ മനസില്‍ കണ്ട താരങ്ങള്‍ തന്നെ സിനിമയില്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു. നെടുമുടി വേണു ചേട്ടനും, മുകേഷേട്ടനും ഉണ്ടെങ്കില്‍ മാത്രമേ സിനിമയുമായി മുന്നോട്ടുള്ളുവെന്ന് മനസില്‍ ഉറപ്പിച്ചിരുന്നതാണ്. അജയ് കൃഷ്ണന്‍ സിനിമയുടെ നിര്‍മാണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെ പിന്നെ താരങ്ങളുടെ ഡേറ്റിനായുള്ള ഓട്ടത്തിലായിരുന്നു. എല്ലാം ഒത്തിണങ്ങി എല്ലാവരുടെയും ഡേറ്റ് കിട്ടി. പെട്ടെന്നു തന്നെ ഷൂട്ടും തുടങ്ങി. കഥയ്ക്ക് ചേരുന്ന കഥപാത്രങ്ങളായി വിനയ് ഫോര്‍ട്ടും ഉണ്ണിമുകുന്ദനും ആസിഫ് അലിയും തന്നെയായിരുന്നു മനസില്‍. ചിത്രത്തില്‍ നായികമാരായി എത്തുന്നത് ഹണി റോസും ലെനയും പിന്നെ കന്നട നടിയായ മിലാനയുമാണ്.”

ചിത്രം അടുത്തമാസം

മൂന്നു യുവാക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയാണിത്. രണ്ടു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം നിങ്ങളെ ഒരു മിനുട്ട് പോലും ബോറടിപ്പിക്കില്ലെന്നുറപ്പാണ്. മൂന്നു ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ശര്‍മ്മയും കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനുമാണ്. ചിത്രം സെപ്റ്റംബര്‍ അവസാനത്തോടെ തിയറ്ററിലെത്തും. അതിന് ശേഷം ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്തവര്‍ വാമൂടിക്കെട്ടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

Related posts