കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയില്‍ ഉറഞ്ഞാടിയ തെയ്യം വെട്ടിപ്പരിക്കേല്‍പ്പിച്ചത് രണ്ടുപേരെ. തെയ്യത്തിന്റെ ഉറഞ്ഞാട്ടം ഒടുവില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ത്തിനു കാരണമായി. വെള്ളിയാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രൗദ്രഭാവത്തില്‍ കൈതച്ചാമൂണ്ഡി തെയ്യം കൈത വെട്ടാന്‍ പോകുന്ന ചടങ്ങിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തെയ്യം വേഷം കെട്ടിയ ബൈജു വഴിയില്‍ കാഴ്ച്ച കാണാന്‍ നിന്നിരുന്നവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ പുറകെ പോയും വെട്ടി.
തെയ്യം കടന്നുപോകുന്ന വഴിയില്‍ ഫോണില്‍ സംസാരിച്ചു നിന്നയാളുടെ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ചു. തുടര്‍ന്ന് വഴിയരികിലുണ്ടായിരുന്ന സുനില്‍കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞനിലയില്‍ സുനില്‍കുമാറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമന് എന്നയാളെയും വെട്ടിയെങ്കിലും പരുക്ക് സാരമുള്ളതല്ല.
തെയ്യം കലാകാരനെതിരേ സിപിഎം രംഗത്തു വന്നതോടെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും രംഗത്തുവന്നു. ഇതോടെ വാക്കേറ്റമായി. തെയ്യം ഉറയുമ്പോള്‍ ചെയ്യുന്നതൊന്നും മനഃപൂര്‍വമല്ലെന്നു കലാകാരന്മാരും ബി.ജെ.പി. പ്രവര്‍ത്തകരും വാദിച്ചെങ്കിലും സംഘര്‍ഷത്തിന് അയവു വന്നില്ല. ഒടുവില്‍ സംഘാടകരും ബൈജുവും നഷ്ടപരിഹാരം നല്കാന് സമ്മതിച്ചതോടെ പ്രശ്നം ഒത്തുതീര്‍പ്പിലെത്തി.