കണ്ണൂർ: തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കണ്ണൂർ തില്ലങ്കേരിയിലാണ് സംഭവം. കൈതച്ചാമുണ്ടി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് നാട്ടുകാർ പ്രകോപിതരായത്.
ബുധനാഴ്ച വൈകിട്ട് പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ആളുകളെ പിന്തുടർന്ന് ഉഗ്രരൂപത്തിൽ തെയ്യം ഭയപ്പെടുത്തുന്നതാണ് ആചാരം.
ഇതിനിടെ പോടിച്ചോടിയ ഒരു കുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു. പിന്നാലെ നാട്ടുകാരിൽ ചിലർ തെയ്യം കെട്ടിയ ആളെ കൈകാര്യം ചെയ്തു. തുടർന്ന് പോലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പോലീസ് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.