മട്ടന്നൂർ: ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാന നിർവഹണത്തിലൂടെ അരങ്ങിലെത്തുന്ന തെയ്യത്തെ പൊതുവേദികളിൽ കെട്ടിയാടുന്നത് ശക്തമായ പ്രതിഷേധിക്കുന്നതായി ഉത്തരകേരള തെയ്യം ആചാരാനുഷ്ഠാന സംരക്ഷണ സമിതി ഭാരവാഹികൾ മട്ടന്നൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തെയ്യം കെട്ടിയാടുന്നതായുള്ള വിവരത്തെ തുടർന്നാണ് തെയ്യം കലാകാരൻമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെട്ടിയാടിക്കപ്പെടുന്ന ആചാര കർമത്തെ ശുചിയോ ശുദ്ധിയോ ഇല്ലാത്ത ഇടങ്ങളിൽ ഘോഷയാത്ര, ജാഥകൾ, സിനിമാ പാട്ട്, സ്വീകരണ ചടങ്ങ് തുടങ്ങിയിടങ്ങളിൽ വികലമായി തെയ്യത്തെ അവതരിപ്പിക്കുകയാണ്.
തെയ്യക്കാരിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലും മേലാളി വർഗങ്ങളുടെ ഭീഷണിയും മൂലമാണ് ചില തെയ്യക്കാർ ഇത്തരം പേക്കോലങ്ങൾ അവതരിപ്പിക്കാൻ കൂട്ടു നിൽക്കുന്നത്. ഇവരെ നിലക്കുനിർത്താനും അവതരണത്തിൽ നിന്നു വിട്ടു നിൽക്കാനും കോലാധികാരികളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തതായും തെയ്യം കലാകാരൻമാർ പറഞ്ഞു.
പത്രസമ്മേളനത്തിൽ വിദ്യാധരൻ പെരുവാമ്പ, അനുരാഗ് നീലിയത്ത്, സി.പി.പവിത്രൻ, സി.പി.പ്രകാശൻ, പി.കൃഷ്ണൻ പണിക്കർ , പി.വി.ബാലകൃഷ്ണൻ, കെ.വി.ഗോവിന്ദൻ , ടി.ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.