കൂത്തുപറമ്പ്: കണ്ണൂരിലെ കളിയാട്ട മഹോത്സവത്തിന് അതിഥിയാകാൻ കടൽ കടന്ന് രണ്ടുപേർ. പോർച്ചുഗീസുകാരനായ പെഡ്റോയും ഗ്രീക്കുകാരിയായ ക്രിസ്റ്റീനയുമാണ് തെയ്യം കലയെ കുറിച്ചറിയാൻ കണ്ണൂർ ജില്ലയിലെത്തിയത്.
കൂത്തുപറമ്പിനടുത്ത് കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൽ ഇന്നലെ കെട്ടിയാടിയ തെയ്യക്കോലങ്ങൾ ഇരുവർക്കും വിസ്മയക്കാഴ്ചയായി. കണ്ണൂരിലെ തെയ്യങ്ങളെ കുറിച്ച് ഇന്റർനെറ്റിലൂടെയും ടൂറിസ്റ്റ് ഗൈഡുകളിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമായിരുന്നു ഇതുവരെ ഇരുവർക്കും.
ടൂറിസ്റ്റ് ഗൈഡ് വിനീതിനൊപ്പം കൈതേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിയ ഇവർ വാദ്യമേളങ്ങൾക്കൊപ്പം ഉറഞ്ഞാടിയ തെയ്യങ്ങളുടെ ഭാവങ്ങളോരോന്നും കാമറയിലും പകർത്തി. തെയ്യം കല വളരെ മനോഹരമാണെന്ന് പറഞ്ഞ ഇരുവരും തെയ്യങ്ങളെ കുറിച്ചും തറികളുടെ നാടായ കണ്ണൂരിനെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കി. അടുത്ത ദിവസം ഇവർ സ്വദേശത്തേക്ക് മടങ്ങും.