മുരിങ്ങൂർ: ക്വാറന്റൈനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങിയതോടെ മൈക്കിലൂടെ ബോധവത്കരണം നടത്തി പോലീസ്.
മുരിങ്ങൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിലരാണ് മുറികൾക്കു പുറത്തിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി സിഐ ബി.കെ. അരുണിന്റെയും, എസ്ഐ സി.ഒ.ജോഷിയുടെയും നേതൃത്വത്തിൽ മൈക്കിലൂടെ ബോധവത്കരണം നടത്തി.
നിരീക്ഷണത്തിൽ കഴിയുന്നവരാരും തന്നെ മുറികൾക്ക് പുറത്ത് ഇറങ്ങരുതെന്നും അത്യാവശ്യകാര്യങ്ങൾക്ക് സന്നദ്ധത പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെടണമെന്നുമായിരുന്നു നിർദ്ദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
നിലവിൽ മുരിങ്ങൂരിലെ ക്വാറന്റൈയിനിൽ കഴിയുന്നവരുടെ എണ്ണം 76 ആയി. മുരിങ്ങൂർ ഡിവൈൻ ഇംഗ്ലിഷ് ക്യാന്പസിലെ നിരീക്ഷണ കേന്ദ്രത്തിന്റെ തുടക്കത്തിൽ ജില്ലയിലെ 25 പേരെയാണ് പാർപ്പിച്ചിരുന്നത്. പുതുതായി 51 പേരെ കൂടി കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർക്കുള്ള ഭക്ഷണത്തിന്റെയും മറ്റും ചുമതല മേലൂർ പഞ്ചായത്തിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഭക്ഷണത്തിനായുള്ള പുതിയ അടുക്കളയും ആരംഭിച്ചിട്ടുണ്ട്.
നീരിക്ഷണത്തിലുള്ളവരെ സഹായിക്കുന്നതിനു നിലവിലുള്ള മൂന്ന് സന്നദ്ധ പ്രവർത്തകർക്ക് പി.പി.കിറ്റും, മാസ്ക്കും, ഗ്ലൗസും മറ്റ് എല്ലാവിധ സുരക്ഷാ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. എല്ലാ മുറികൾക്ക് മുന്നിലും ഭക്ഷണത്തിനായുള്ള പാത്രങ്ങളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.