വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതപദ്ധതിക്ക് പ്രതീക്ഷ നല്കി വെള്ളച്ചാട്ടത്തിൽ ശക്തമായ ജലപ്രവാഹം. പ്രദേശമാകെ തൂവെള്ള പട്ടണിഞ്ഞാണ് 1500 അടി ഉയരമുള്ള പാലക്കുഴി മലയിൽനിന്നും ജലപാതം ആർത്തലച്ചു വീഴുന്നത്.പ്രകൃതിയുടെ മഹാദാനമാണ് തിണ്ടിലം വെള്ളച്ചാട്ടം. പൊ·ുടി തുടങ്ങിയ വൻമലകളിലെ ഏകദേശം അന്പതു കിലോമീറ്റർ പ്രദേശത്ത് പെയ്യുന്ന മഴവെള്ളം പാലക്കുഴിയുടെ നിരന്ന പ്രദേശത്ത് സംഗമിച്ച് അവിടെ നിന്നാണ് പെരുംപ്രവാഹമായി താഴേയ്ക്കു പതിക്കുന്നത്.
ദൂരെനിന്ന് കാണുന്നപോലെ മൂന്നു തട്ടുകളായാണ് വെള്ളംവീഴുന്നത്. കാട്ടുചോലയിലെത്തുംമുന്പേ പിന്നേയും ചെറിയ തട്ടുകളുണ്ടെന്ന് താഴെഭാഗത്ത് തോട്ടമുള്ള ബെന്നി പറയുന്നു.മണ്ണാർക്കാട്ടെ മീൻവല്ലം ജലവൈദ്യുതി പദ്ധതിക്കുശേഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ മിനിജലവൈദ്യുതി പദ്ധതിയാണ് പാലക്കുഴിയിലെ തിണ്ടില്ലം പദ്ധതി. പദ്ധതിക്കായി മുന്നൂറു മീറ്റർ ദൂരം വനത്തിലൂടെ പൈപ്പു സ്ഥാപിക്കുന്നതിനു വനംവകുപ്പിൽനിന്നും എൻഒസി ലഭിക്കാൻ കാലതാമസം വരുന്നുണ്ടെന്നതൊഴിച്ചാൽ പദ്ധതിയുടെ മറ്റു നിർമാണപ്രവൃത്തികളെല്ലാം അതിവേഗമാണ് പുരോഗമിക്കുന്നത്.
വെള്ളച്ചാട്ടത്തിനു മുകളിൽ പുഴയ്ക്കു കുറുകേയുള്ള ചെക്ക്ഡാം നിർമാണത്തിനും വേഗതയുണ്ട്. പുഴയിൽ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലും ചെക്ക്ഡാം നിർമിച്ച് വർഷത്തിൽ 3.78 മില്യണ് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.എ.പദ്മരാജൻ പറഞ്ഞു.
ചെക്ക്ഡാമിൽ സംഭരിക്കുന്ന വെള്ളം 294 മീറ്റർ നീളത്തിൽ ലോപ്രഷർ പൈപ്പിലൂടെയും പിന്നീട് 222 മീറ്റർ താഴെയ്ക്ക് 438 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പുവഴിയും കൊണ്ടുപോകും. ഈ വെള്ളം രണ്ട് പെൽറ്റൻ വീൽ ടർബൈൻ കറക്കി രണ്ട് അഞ്ഞൂറു കിലോവാട്ട് ശേഷിയുള്ള ആൾട്ടനേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം താഴെയുള്ള അതേ കാട്ടുചോലയിലേക്ക് വിടും.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കഐസ്ഇബിക്ക് നല്കും. വടക്കഞ്ചേരി 110 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രസരണം നടത്തുക.കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെച്ചുപ്പാടം കണ്സ്ട്രക്ഷൻ ലിമിറ്റഡ് എന്ന കന്പനിയാണ് സിവിൽവർക്കുകൾ നടത്തുന്നത്. പതിമൂന്നുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഈ വർഷം ഒടുവിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യംവച്ചാണ് 2017 ഡിസംബറിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം പാലക്കുഴിയിൽ വകുപ്പുമന്ത്രി എം.എം.മണി നിർവഹിച്ചത്.
എന്നാൽ ഡിസംബറിൽ പദ്ധതി കമ്മീഷൻ കഴിഞ്ഞില്ലെങ്കിലും 2020 പകുതിയോടെയെങ്കിലും കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയാണുള്ളത്. മഴക്കാലത്ത് കൂടുതൽ വൈദ്യുതി ഉത്പാദനം നടത്തി വർഷത്തിൽ ലക്ഷ്യംവയ്ക്കുന്ന വൈദ്യുതി ഉത്പാദനം കൈവരിക്കാനാണ് ശ്രമമെന്ന് ചീഫ് എൻജിനീയർ അറിയിച്ചു.