തൊടുപുഴ: പഞ്ചറായ സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടതിനേത്തുടർന്ന് നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി.
കെഎസ്ആർടിസി ബസും കാറുകളും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ഇടുക്കി പ്രസ് ക്ലബിനു സമീപമായിരുന്നു സംഭവം.
വനിതകൾ സഞ്ചരിച്ച സ്കൂട്ടർ പഞ്ചറായതിനേത്തുടർന്ന് ഇവർ വാഹനം പെട്ടെന്ന് റോഡിൽ നിർത്തി. പിന്നാലെയെത്തിയ കാറും അതിനു പിന്നിലായി വന്ന കാറും ഇതോടെ ബ്രേക്കിട്ടു.
അവസാനം നിർത്തിയ കാറിനുപിന്നിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇതോടെ ഈ കാർ മുന്നിലെ കാറിലും ഇത് സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രികരായ സ്ത്രീകൾ റോഡിൽ വീണെങ്കിലും പരിക്കേറ്റില്ല. കെഎസ്ആർസി ബസിടിച്ച് മുട്ടം സ്വദേശിയുടെ കാറിനു സാരമായ കേടുപാടു സംഭവിച്ചു.
അപകടത്തേത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പോലീസിൽ വിവരമറിയിച്ചെങ്കിലും ഇവർ എത്താൻ വൈകിയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.