ചാവക്കാട്: ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച പതിവായി മോഷണം നടത്തുന്ന വിരുതനെ നാട്ടുകാർ കാവലിരുന്ന് പിടികൂടി. പാലയൂർ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ അറുപതുകാരനെയാണ് ഇന്നു പുലർച്ചെ പിടികൂടി പോലീസിൽ ഏൽപിച്ചത്.
ശബരിമല തീർഥാടന സീസണിൽ ചെഞ്ചേരി ക്ഷേത്രപരിസരത്ത് കിടന്ന് ഇറങ്ങിയിരുന്ന തീർഥാടകരുടെ പണം നഷ്ടപ്പെട്ടിരുന്നു. പലതവണയായി ചൊവ്വാഴ്ചകളിൽ മോഷണത്തിന് എത്തിയ മോഷ്ടാവിന്റെ ചിത്രം ക്ഷേത്രത്തിലെ കാമറയിൽ പതിഞ്ഞിരുന്നു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ചെറിയൊരു ഇടവേളക്കു ശേഷം ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു. നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പഴയ മോഷ്ടാവ് തന്നെ. വീണ്ടും അടുത്ത ചൊവ്വാഴ്ച മോഷണം നടന്നപ്പോൾ നാട്ടുകാർ കാവലിരുന്നു. ദിവസം തെറ്റാതെ മോഷ്ടാവ് വീണ്ടും ചൊവ്വാഴ്ച എത്തി. നാട്ടുകാരുടെ പിടിയിലായി. ‘ചൊവ്വാഴ്ച കള്ളനെ’ പോലീസ് ചോദ്യം ചെയ്യുന്നു.
ക്ഷേത്രത്തിന് അടുത്തുള്ള ചെമ്മണ്ണൂർ ലോസന്റെ വീട്ടിലെ സൈക്കിൾ മോഷ്ടിച്ചത് താനാണെന്ന് മോഷ്ടാവ് പറഞ്ഞു.