കോയന്പത്തൂർ: സേലത്തെ പൂട്ടിയിട്ട വീട്ടിൽനിന്നും 720 പവൻ സ്വർണം മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കിച്ചിപ്പാളയം വിജയലക്ഷ്മി(38)യുടെ വീട്ടിലാണ് മോഷണം നടന്നത്. വിധവയായ വിജയലക്ഷ്മി സഹോദരനൊപ്പം പ്ലൈവുഡ് ബിസിനസ് നടത്തിവരികയാണ്. കുടുംബസമേതം തിരുപ്പതിയിൽ പോയിവന്നപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 720 പവൻ സ്വർണം മോഷണംപോയ വിവരമറിഞ്ഞത്. പരാതിയെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെ പരിശോധനയിൽ വീട്ടിലെ ജനൽകന്പി ഉൾഭാഗത്തുനിന്നും മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി.
ഇതുപ്രകാരം വീടിനകത്തുള്ളവർ തന്നെയാണ് മോഷണം നടത്തിയതെന്ന സംശയത്തെതുടർന്ന് പോലീസ് ബന്ധുക്കളെയും കടയിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വിജയലക്ഷ്മിയുടെ ബന്ധുവായ 20 വയസുകാരനാണ് മോഷ്ടാവെന്നു കണ്ടെത്തി. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പരാതി ലഭിച്ച് ആറുമണിക്കൂറിനകം പ്രതിയെ പിടികൂടിയ പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.