കണ്ണൂർ: മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കാൻ കൊറോണ അനുവദിക്കുന്നില്ല സർ… ഒരു പൈസയും കൈയിലില്ല. അതുകൊണ്ട് മുന്പ് ചെയ്ത മോഷണത്തിലേക്ക് വീണ്ടും ഇറങ്ങി… മോഷ്ടാവിന്റെ വാക്കുകൾ കേട്ട് ടൗൺ പോലീസ് ഞെട്ടി..!
കഴിഞ്ഞ ദിവസം കണ്ണൂർ നഗരമധ്യത്തിൽ ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറി വെള്ളി ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയപ്പോഴാണ് കള്ളന്റെ “ധർമ്മസങ്കടം’ പോലീസിനെ അറിയിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സികെഎസ് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ജ്വല്ലറിയിൽ സൂക്ഷിച്ച അരക്കിലോ വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തു.
ഞായറാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജ്വല്ലറി ഉടമ മനോജ് ടൗൺ പോലീസിൽ പരാതി നൽകി.
തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. കോയന്പത്തൂർ സ്വദേശി ജോൺ (62) ആണ് പിടിയിലായത്.
പട്രോളിംഗ് നടത്തുന്നതിനിടെ പുലർച്ചെ 4.30 ഓടെ മാർക്കറ്റിന് സമീപത്തെ ഒരു കടയുടെ പുറകിൽ പതുങ്ങിയിരിക്കുകയായിരുന്ന ജോൺ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജ്വല്ലറി മോഷണത്തിന്റെ ചുരുളഴിയുന്നത്. വിവിധ മോഷണക്കേസിൽ പ്രതിയാണ് ജോണെന്ന് പോലീസ് പറഞ്ഞു.
മോഷണം നിർത്തിയ ശേഷം ജോൺ പഴയ ബസ്സ്റ്റാൻഡ് പരിസരങ്ങളിൽ തുണി കച്ചവടം ചെയ്തു വരികയായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് തെരുവ് കച്ചവടം പോലീസ് അടപ്പിച്ചിരുന്നു. വരുമാനം നിലച്ചു.
തുടർന്ന് ജോലിയില്ലാതായി വീണ്ടും പഴയ “തൊഴിലി’ലേക്ക് ഇറങ്ങിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിലുൾപ്പെടെ നിരവധി മോഷണക്കേസുകളിൽപ്രതിയാണെന്ന് സിഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.