ചെങ്ങന്നൂർ: ആക്രി സാധനങ്ങൾ വില്പന നടത്തുന്ന ദന്പതികളെ കൊള്ളയടിച്ചു. തിരുനൽവേലി സ്വദേശികളായ റാമർ പാണ്ഡ്യൻ (36), കലാശെൽവി (35) എന്നിവരെയാണ് കഴിഞ്ഞ രാത്രി കൊള്ളയടിച്ചത്. രാത്രി 2.30 ഓടെ മുറിക്കക്കത്ത് തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റാമറിന്റെ തലയ്ക്കു സമീപം സൂക്ഷിച്ചിരുന്ന 5000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.
അടുത്ത മുറിയിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന കലാശെൽവിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന അഞ്ചുപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് മോഷ്ടാവ് വാതിൽ വഴി ഇറങ്ങി ഗേറ്റ് ചാടിക്കടന്നു പോയി. ചെങ്ങന്നൂർ പേരിശേരി ചിത്രാലയം വടക്കേത്തലക്കൽ വീട്ടിൽ താമസിച്ച് ആക്രി പെറുക്കി ജീവിക്കുകയായിരുന്നു ഇവർ.
അവരോടൊപ്പം കടയിലെ ജോലിക്കാരൻ കെട്ടിടത്തിന്റെ അടുത്ത മുറിയിൽ താമസിക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഉണർന്ന് പുറത്തേക്കുവന്ന ഇവർ കണ്ടത് മോഷ്ടാവ് ഗേറ്റു ചാടിക്കടന്ന് ബൈക്ക് സ്റ്റാർട്ടുചെയ്ത് കയറിപ്പോകുന്നതാണ്. ഈ വീടിന്റെ മുൻ ഭാഗത്തെ വാതിൽ നാലുപാളിയായുള്ളതാണ്.
അതിൽ താഴത്തെപ്പാളി വിജാഗിരി ഇളകി ഇരിക്കുകയായിരുന്നു. ഇതുവഴിയാണ് മോഷ്ടാവ് അകത്തു കടന്നത് എന്നു കരുതുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നുർ പോലീസ് അന്വേഷണം ആരംഭിച്ചു.