തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവ് തലസ്ഥാനത്ത് മാലപിടിച്ചുപറി കേസിൽ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി അമോൽ സാഹിബ് ഷിൻഡെ(32)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്തർസംസ്ഥാന മോഷണങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
വഞ്ചിയൂരിൽനിന്നു മോഷ്ടിച്ച ബൈക്കിൽ കറങ്ങിയാണ് കരമന സ്വദേശിനിയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന ആറ് പവന്റെ മാല ഇയാൾ പൊട്ടിച്ചെടുത്തത്. ബൈക്ക് മോഷണം പോയ സംഭവത്തിൽ ബൈക്ക് ഉടമ പോലീസിൽ നൽകിയ പരാതിയിലും മാല പിടിച്ചുപറി കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലും പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
തന്പാനൂരിലെ ഒരു ലോഡ്ജിലായിരുന്നു ഇയാൾ താമസിച്ച് വന്നിരുന്നത്. ലോഡ്ജിൽ കൊടുത്തിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള് പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂർ പൊലിസിന്റെ സഹായത്തോടെയാണ് അമോലിനെ പിടികൂടിയത്.
ഒന്നര വർഷം മുൻപ് എറണാകുളത്തെത്തിയ പ്രതി മറ്റൊരു മോഷണ കേസിൽ പോലീസിന്റെ പിടിയിലായി. തുടർന്ന് കോടതി റിമാൻഡ് ചെയ്തു.
ജയിലിൽ വച്ച് അമോൽ മോഷ്ടാവ് ഡ്രാക്കുള സുരേഷു(34)മായി സൗഹൃദത്തിലായി. തിരുവനന്തപുരം സ്വദേശിയായ സുരേഷിനൊടൊപ്പം ചേർന്ന് മോഷണം നടത്താൻ ഇയാൾ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു. കരമനയിൽ നിന്നും മോഷ്ടിച്ച മാല വിൽപ്പന നടത്താൻ സുരേഷിനെയാണ് പ്രതി ഏൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിൽ പിടിയിലായ സുരേഷ് രണ്ടാം പ്രതിയാണ് .
അമോലിനെതിരെ മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തുന്പോൾ ചെറുക്കുന്നവരെ ആക്രമിക്കുന്ന ശൈലിയാണ് ഇയാളുടേതെന്നും ഇത്തരത്തിൽ നിരവധി പേരെ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.