സംഭവം അങ്ങ് ഇടുക്കിയിലാണ്. മൂന്നാറിലെ ശ്രീ കാളിയമ്മന്‍ കൃഷ്ണ നവഗ്രഹ ക്ഷേത്രത്തിലാണ് ന്യൂജനറേഷന്‍ കള്ളന്മാരുടെ വിളയാട്ടം. മോഷണത്തിനായെത്തിയ കള്ളന്മാര്‍ ലക്ഷ്യമിട്ടത് ഇഷ്ടംപോലെ ചില്ലറയുള്ള ഭണ്ഡാരപ്പെട്ടി. ഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തകര്‍ക്കാന്‍ പറ്റാതായതോടെ ഭണ്ഡാരം അതേപടി കള്ളന്മാര്‍ കൊണ്ടുപോവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കാളിയമ്മന്‍ കോവിലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഭണ്ഡാരമാണ് കാണാതായത്. തറയില്‍ സിമന്റിട്ട് ഉറപ്പിച്ചിരുന്ന ഭണ്ഡാരം തറ തകര്‍ത്താണ് ഇളക്കിയെടുത്തിരിക്കുന്നത്. രാവിലെ ക്ഷേത്ര പൂജാരിയാണ് ഭണ്ഡാരം നഷ്ടപ്പെട്ട വിവരം ആദ്യം അറിഞ്ഞത്.
പോലീസ് ഇപ്പോഴും വാലും തുമ്പുമില്ലാത്ത അന്വേഷണത്തിലാണെന്നാണ് ഭക്തര്‍ പറയുന്നത്. ഭണ്ഡാരത്തിലുള്ള ചില്ലറ പൈസകള്‍ ലക്ഷ്യമിട്ടാണ് കള്ളന്മാര്‍ വന്നതെന്നാണ് ഇവര്‍ പറയുന്നത്. നാല് മാസത്തിലൊരിക്കലാണ് ഇത് തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് അവസാനമായി എടുത്തത്. നാല്‍പതിനായിരം രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.