അമൃത്സർ: പഞ്ചാബിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയ തടവുപുള്ളി വിവാഹവേദയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. സംഭവം വിവാദമായതിന് പിന്നാലെ സബ് ഇൻസ്പെക്ടർ ഉൾപ്പടെ രണ്ടുപേരെ പോലീസ് സസ്പെൻഡ് ചെയ്തു.
തട്ടിക്കൊണ്ടുപോകൽ കേസിൽ ലുധിയാന സെൻട്രൽ ജയിലിൽ കഴിയുന്ന ലക്കി സന്ധു എന്ന സവോത്തം സിംഗിനെ ഡിസംബർ എട്ടിനാണ് മൂത്രാശയ പ്രശ്നത്തെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (പിജിഐഎംഇആർ) പോലീസ് കാവലിൽ കൊണ്ടുപോയത്.
ലുധിയാന പോലീസ് കമ്മീഷണറേറ്റിൽ നിന്നുള്ള ഒരു പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ജയിൽ ഉദ്യോഗസ്ഥർ ആരുംതന്നെ കൂടെ പോയില്ല. ഹോസ്പിറ്റലിൽ പരിശോധന നടത്തിയ ശേഷം, പോലീസ് സംഘത്തോടൊപ്പം മടങ്ങുന്നതിനിടെ, റായിക്കോട്ട് നടന്നുകൊണ്ടിരുന്ന ഒരു വിവാഹ ചടങ്ങിലേക്ക് ഇവർ എത്തി.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ഇയാൾ മറ്റ് അതിഥികൾക്കൊപ്പം നൃത്തവും ചെയ്തു. തുടർന്ന് ഇയാളെ ജയിലിൽ തിരിച്ചെത്തിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ജയിൽ അധികൃതർ ലുധിയാന പോലീസ് കമ്മീഷണർക്ക് കത്തയക്കുകയായിരുന്നു.
തുടർന്ന് ലക്കി സന്ധുവിനൊപ്പം ആശുപത്രിയിൽ പോയ സബ് ഇൻസ്പെക്ടർ മംഗൾ സിംഗ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കുൽദീപ് സിംഗ് എന്നിവരെ സസ്പെൻഡ് ചെയ്തതായി ലുധിയാന പോലീസ് കമ്മീഷണർ കുൽദീപ് ചാഹൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്കി സന്ധുവിനെതിരെ തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കൊള്ളയടിക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.