ഇരിങ്ങാലക്കുട: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്പോഴും പോലീസിനു ജാഗ്രത കുറയുന്നതായി പരാതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ചാണ് കള്ളന്മാർ നാട്ടിൽ വിലസുന്നത്.
കഴിഞ്ഞ ദിവസം ഈസ്റ്റ് കോന്പാറ മതമൈത്രി നഗറിലെ വീട്ടിൽ മോഷണ ശ്രമം നടന്നു. അർധരാത്രി വീടിന്റെ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ വീടിനകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണരുകയായിരുന്നു.
ഇതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച് മാത്തൻചിറ ജോർജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുന്പും ഈ പ്രദേശത്തെ പല വീടുകളിലും ഇതുപോലെ മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ഇതുവരെയും തെളിയിക്കപ്പെടാത്ത ആനീസ് കൊലപാതകം നടന്ന വീടിനു 100 മീറ്റർ ചുറ്റളവിലാണ് ഇത്തരം സംഭവങ്ങൾ എന്നുള്ളത് പരിസരവാസികളെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.
കുറച്ചു നാൾ മുന്പ് ബസ് സ്റ്റാൻഡിനു സമീപം മെയിൻ റോഡിനോടു ചേർന്നുള്ള ഇടവഴിയിലെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. രണ്ടു ദിവസം മുന്പാണു ഠാണാ ജംഗ്ഷനിലെ മുസ്ലിം പള്ളിക്കു മുന്പിലെ ഭണ്ഡാരം കുത്തി തുറന്നത്.
ഇതുവരെയും സംഭവത്തിലെ പ്രതികളെ പിടികൂടാനായിട്ടില്ല. ക്രൈസ്റ്റ് കോളജിലെ നിർമാണ പ്രവർത്തനം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും 20,000 രൂപയും, ഠാണാവിൽ മെറിനാ ആശുപത്രിയ്ക്കു സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും 38,000 രൂപയും മോഷണം പോയിരുന്നു.
ഒരു മാസം മുന്പ് പട്ടാപകൽ ഈസ്റ്റ് കോന്പാറ മേച്ചേരി ഡേവിസിന്റെ വീട്ടിലും ഷീറ്റ് പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. മഴക്കാലമായതിനാൽ വലയ ശബ്ദംപോലും കേട്ടാൽ തിരിച്ചറിയനാകാത്തതുമൂലം മോഷ്ടാക്കളുടെ സാന്നിധ്യം വീട്ടുകാർ അറിയില്ല.
മേൽക്കൂരയിൽ ടിൻഷീറ്റ് മേഞ്ഞ വീടുകളാണെങ്കിൽ ഷീറ്റിൽ മഴവെള്ളം വീഴുന്പോഴുള്ള ശബ്ദത്തിനിടെ എന്തു സംഭവിച്ചാലും പുറംലോകം അറിയില്ല. കോവിഡ് ജാഗ്രതയോടൊപ്പം പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംവിധാനം കുടുതൽ ശക്തമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.