പനമരം: മൂന്നംഗ മുഖംമൂടി സംഘം ആഭരണങ്ങളും പണവും കവർന്നു. പുഞ്ചവയൽ പരിയാരം പദ്മനാഭൻ നന്പ്യാരുടെ വീട്ടിൽനിന്നാണ് രണ്ടര പവന്റെ ആഭരണങ്ങളും അര ലക്ഷം രൂപയും കവർന്നത്. വീട്ടിലുണ്ടായിരുന്ന എയർ ഗണ്ണും സംഘം അപഹരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഈ സമയം പദ്മനാഭൻ നന്പ്യാരും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
രാത്രി ഒന്പതോടെയാണ് മുഖംമൂടികൾ വീട്ടിൽ എത്തിയത്. മാവോവാദികളെന്ന് വിരട്ടി പദ്മനാഭൻ നന്പ്യാരുടെ ഭാര്യ അണിഞ്ഞിരുന്ന രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലും സംഘം അഴിച്ചുവാങ്ങുകയായിയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് മുഖംമൂടികൾ അപഹരിച്ച പണം.
രണ്ട് മണിക്കൂറോളമാണ് സംഘം ഒറ്റപ്പെട്ട പ്രദേശത്തുള്ള വീട്ടിൽ തങ്ങിയത്. കവർച്ചക്കാർ പോയതിനുശേഷം പദ്മനാഭൻ നന്പ്യാർ ഫോണ് ചെയ്താണ് സംഭവം സമീപവാസികളെയും ബന്ധുക്കളെയും അറിയിച്ചത്. പനമരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.