ശ്രീകണ്ഠപുരം: കടയിൽ നിന്ന് മോഷണം നടത്തിയ പണം ഒടുവിൽ കള്ളൻ തിരികെ എത്തിച്ചു. ചന്ദനക്കാംപാറയിലെ വരിപ്പകുന്നേൽ കൃഷ്ണൻ കുട്ടിയുടെ പച്ചക്കറി കടയിലാണ് ഇന്ന് രാവിലെ 14, 500 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മുൻഭാഗത്തെ ഷട്ടറിന്റെ അടിയിലൂടെ പണം കടയിലേക്കിടുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ടൗണിലെ പച്ചക്കറി കട കുത്തിത്തുറന്ന് അരലക്ഷം രൂപയോളം കവർന്നത്. വീട് പണിക്കായി ലോണെടുത്ത പണം ഉൾപ്പെടെയായിരുന്നു മോഷണം പോയത്. തുടർന്ന് പയ്യാവൂർ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് സമീപത്തെ ഗ്രൗണ്ട് വരെ ഓടി നിൽക്കുകയായിരുന്നു.
കടയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ പണത്തിന്റെ ഒരു ഭാഗം കടയിൽ തിരികെ നിക്ഷേപിച്ചിരിക്കുന്നത്. പയ്യാവൂർ എസ്ഐ പി.സി. രമേശന്റെ നേതൃത്വത്തിൽ പണം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ധർക്ക് അധികൃതർക്ക് കൈമാറി. പണത്തിൽ നിന്ന് ലഭിക്കുന്ന വിരലടയാളം വഴി മോഷ്ടാവിലേക്കെത്താമെന്ന നിഗമനത്തിലാണ് പോലീസ്.