കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളൻമാർ വിഹരിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. പ്രദേശത്തെ ആരാധനാലയങ്ങളിലും വീടുകളിലും കടകളിലും കേന്ദ്രീകരിച്ചാണ് മോഷണം തുടർക്കഥയായിരിക്കുന്നത്.
പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെയും മദ്യപാൻമാരുടെയും ശല്യം വർധിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടും പോലീസ് ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.കഴിഞ്ഞ ദിവസം മാന്തുരുത്തിയിൽ കട കുത്തിപ്പൊളിച്ച് 12,000 രൂപയുടെ സാധനങ്ങളും 2000 രൂപയും മോഷ്ടിച്ചിരുന്നു.
പിന്നാലെയാണ് മാന്തുരുത്തി ചഞ്ചരിമറ്റത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലും മോഷണം നടന്നത്. വീടിന്റെ പിന്നിലെ ഷെഡിനുള്ളിൽ കയറി മുറിയുടെ ജനാല തകർത്ത ശേഷം അഴികളിൽ മുറിച്ചാണ് മോഷ്്ടാവ് അകത്തുകയറിയത്. സംഭവമുണ്ടായ ദിവസം ഇവർ മകളുടെ വീട്ടിലായിരുന്നു. പിറ്റേന്ന് വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്.
ഇതിനു പുറമേ ഞായറാഴ്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻനായരുടെ ദേവഗിരിയിലെ വീട്ടിലും ജനാലയുടെ അഴികൾ തകർത്ത് മോഷണ ശ്രമം നടന്നിരുന്നു. ഒരേ സംഘ തന്നെയാണ് വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമങ്ങളും നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പല കേസുകളിലും പോലീസ് കേസെടുക്കുന്നതല്ലാതെ തുടർ അന്വേഷണം നടത്താത്തതാണ് മോഷണ ശ്രമങ്ങൾ വർധിക്കുന്നതിനു പിന്നിലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.മോഷണ ശ്രമങ്ങൾക്കു പുറമേ പ്രദേശത്തെ പല സ്ഥലങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമായി.
ആ്ളൊഴിഞ്ഞ പുരിയിടങ്ങളും റബർ തോട്ടങ്ങളും കേന്ദ്രീകരിച്ചു സന്ധ്യ കഴിഞ്ഞാൽ ഒട്ടുമിക്ക ദിവസങ്ങളിലും പരസ്യ മദ്യപാനവും പതിവായി.മേഖലയിൽ തുടർച്ചയായി മോഷണം ഉണ്ടാകാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മാന്തുരുത്തിയിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിരുന്നു.
എന്നാൽ ഒരു സംഭവത്തിലും മോഷ്്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി മോഷ്ടാക്കളെ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.